• Sat. Jul 27th, 2024
Top Tags

ബസുകളിൽ കയറാൻ യാത്രക്കാരില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കുന്നത് 400 രൂപ, ഓട്ടം നിലച്ച് ജീവിതം..

Bydesk

Sep 17, 2021

ചെറുപുഴ : കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും ബസ്സുകളിൽ കയറാൻ യാത്രക്കാരില്ല. ഇതോടെ ബസ്സിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നും നേരത്തെ നൂറിലേറെ ബസ്സുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത് അക്കാലത്ത് പല ബസ്സുകളും യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തിയിരുന്നത് എന്നാൽ കോവിഡിനു ശേഷം ബസ്സിലെ സീറ്റിൽ ഇരിക്കാൻ പോലും യാത്രക്കാരെ കിട്ടാത്ത സ്ഥിതിയാണ്. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് മൂന്ന് ട്രിപ്പുകൾ വീതം സർവീസ് നടത്തിയിരുന്ന ഒട്ടു മിക്ക ബസ്സുകളും ഇപ്പോൾ രണ്ട് ട്രിപ്പുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളു.
ഉച്ചസമയത്ത് യാത്രക്കാർ ഇല്ലാത്തതാണ് പല ബസ്സുകളും ട്രിപ്പുകൾ ഒഴിവാക്കാൻ കാരണം. കൃത്യസമയത്ത് ഓടിയാൽ എണ്ണ ചെലവിനുള്ള തുക പോലും കിട്ടില്ല. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് ബസ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്യാവശ്യ കാര്യങ്ങൾക്ക്‌ മാത്രമേ ജനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുള്ളൂ.ഗ്രാമ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ തൊട്ടടുത്ത ടൗണിലെത്തി കാര്യം സാധിച്ച് തിരിച്ചു പോവുകയാണ് ചെയ്യുന്നത്. ഇതിന് ആശ്രയിക്കുന്നത് സ്വന്തം വാഹനങ്ങളാണ്. രോഗവ്യാപന നാളുകളിൽ മലയോര മേഖലയിലെ ഭൂരിഭാഗം വീടുകളിലും ഇരുചക്രവാഹനങ്ങൾ വാങ്ങി. ഇതും ബസ് സർവീസിന് തിരിച്ചടിയായി. ഇപ്പോൾ ബസ് സർവീസ് നടത്തിയാൽ എണ്ണ ചെലവ് കഴിഞ്ഞാൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരമാവധി ലഭിക്കുന്നത് 400 രൂപ വീതമാണ് ചില ദിവസങ്ങളിൽ ഇത് 300 ആകും.

ലക്ഷങ്ങൾ മുടക്കിയ ബസുടമകൾക്ക് ചില ദിവസം നൽകാൻ ഒന്നുമുണ്ടാകില്ല. വരുമാനം കുറഞ്ഞതോടെ പല സ്വകാര്യ ബസുകളിലും ക്ലീനർ മാറില്ല ഇവരുടെ ജോലി ഡ്രൈവറും കണ്ടക്ടറും കൂടിയാണ് ചെയ്യുന്നത്. ഇതിനുപുറമേ ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ചില ബസുകൾ ഇപ്പോൾ പ്രധാന ടൗണുകളിൽ വന്നു തിരിച്ചു പോകുകയാണ് ചെയ്യുന്നത്. യാത്രക്കാരിലാത്തതാണ് സർവീസ് നിലയ്ക്കാൻ കാരണമായത്.ഈ സ്ഥിതി തുടർന്നാൽ ബസ് വ്യവസായം ഏത് സമയത്തും നിലച്ചേക്കും ഇതോടെ നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *