കണ്ണൂർ: ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
ഉച്ചയ്ക്ക് 12-നാണ് പരിപാടി. ജില്ലയിൽ 306 വീടുകളാണ് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വാർഡ് തലത്തിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിലൂടെ 10,300 വീടുകളാണ് ഇതിനോടകം പൂർത്തിയാക്കിയത്.
ലൈഫ് ഒന്നാംഘട്ടത്തിൽ 2610 വീടുകളും രണ്ടാംഘട്ടത്തിൽ 2449 വീടുകളും പട്ടികജാതി പട്ടികവർഗ മത്സ്യത്തൊഴിലാളി അഡീഷണൽ ലിസ്റ്റിൽ 82 വീടുകളും പി.എം.എ.വൈ. ഗ്രാമീണിൽ 711 വീടുകളും നഗരവിഭാഗത്തിൽ 4113 വീടുകളുമാണ് പൂർത്തീകരിച്ചത്.
ഒന്നാംഘട്ടമായ പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണത്തിൽ 97 ശതമാനവും ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനനിർമാണം എന്ന രണ്ടാംഘട്ടത്തിൽ 96 ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിത ഭവനരഹിതർക്ക് ഭവനനിർമാണം ഉറപ്പാക്കുന്ന മൂന്നാംഘട്ടത്തിൽ ഭൂമി ലഭിച്ച ഗുണഭോക്താക്കൾ തദ്ദേശഭരണസ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട് ഭവനനിർമാണം തുടങ്ങിയിട്ടുണ്ട്