• Sat. Jul 27th, 2024
Top Tags

കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കാന്‍ പുതിയ പദ്ധതി;

Bydesk

Sep 19, 2021

കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ ബസുകളുടെ പൂർണ ചുമതല ഇൻസ്പെക്ടർമാർക്ക് കൈമാറുന്നു. കോർപ്പറേഷനെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 10-15 ബസുകളുടെ പൂർണ ചുമതല ഒരോ ഇൻസ്പെക്ടർമാർക്കും നൽകും. ഈ ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ഇവരുടെ ചുമതല.
തങ്ങളുടെ ചുമതലയിൽ വരുന്ന ബസുകളുടെ സർവീസുകൾ ലാഭത്തിലാക്കുന്നത് കൂടാതെ, ഇവ യാത്രക്കാർക്ക് ഉപകാരപ്രദമായി മാറ്റി പരാതിരഹിതമാക്കുകയും വേണം. തന്റെ ചുമതലയിലുള്ള ബസുകൾ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിച്ച് പോകേണ്ട ചുമതലയും ഇൻസ്‌പെക്ടർമാർക്കു തന്നെയാണ്.
എല്ലാ ദിവസവും ഈ ബസുകളുടെ കളക്ഷൻ കണക്കെടുക്കണം. ഇവ പഠിച്ച് വേണ്ടത്ര കളക്ഷൻ ഇല്ലാത്ത സർവീസുകൾ കണ്ടെത്തണം. കളക്ഷൻ കുറയാനുണ്ടായ കാരണം മനസ്സിലാക്കി, ഇവ ലാഭകരമാക്കി മാറ്റാൻ നടപടിയെടുക്കണം. വിവിധ പ്രദേശങ്ങളിൽ യാത്രചെയ്ത് നിരീക്ഷണം നടത്തി ബസ് റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം.
സർവീസിനിടെ യാത്രക്കാർ പറയുന്ന പരാതികൾ മനസ്സിലാക്കി പരിഹാരം കാണേണ്ടതും ഇൻസ്പെക്ടർ തന്നെയാണ്. ബസുകൾ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജീവനക്കാരുടെ അവധി അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കണം. ജീവനക്കാർ ലീവെടുത്ത് സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. പകരം ജീവനക്കാരെ തയ്യാറാക്കണം.
ജീവനക്കാരുടെ ഉത്തരവാദിത്വക്കുറവ് മൂലം സർവീസുകൾ മുടങ്ങേണ്ട സാഹചര്യമുണ്ടായാൽ ഇവ റിപ്പോർട്ട് ചെയ്യണം. സാങ്കേതിക തകരാറാണ് പ്രശ്നമെങ്കിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യണം.
എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഇൻസ്പെക്ടർമാരുടെ പ്രകടനം കൃത്യമായി വിലയിരുത്തി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *