• Sat. Jul 27th, 2024
Top Tags

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന്; സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കും.

Bydesk

Sep 23, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം ചേരുക.നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരുക്ലാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കണോ എന്ന കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും.

പകുതി കുട്ടികളെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകളിലെത്തിച്ച് അധ്യയനമെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. രാവിലെ 10 മുതല്‍ മൂന്ന് മണിക്കൂര്‍ ക്ലാസ് എന്നതാണ് പരിഗണനയില്‍ ഉള്ളത്. സ്‌കൂളില്‍ കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തിലുണ്ടാകും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  സ്‌കൂള്‍തലം മുതല്‍ ഈ സമിതികളുണ്ടാകും.

ഉന്നത ഉദ്യോഗസ്ഥതലത്തിലും കമ്മിറ്റി രൂപീകരിക്കുമെന്നാണ് സൂചന. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതമെന്ന്  ധാരണയായിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നതിന് ധാരണയായിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ചെറിയ കുട്ടികളെ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളില്‍ ഇരുത്താന്‍ കഴിയുമോ എന്നതാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ഈ കാര്യങ്ങളെല്ലാം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *