• Sat. Jul 27th, 2024
Top Tags

രക്ഷകരെ ദുരിതക്കയത്തില്‍ നിന്നും ദുരിതങ്ങളിലേക്ക് തള്ളി വിടാനൊരുങ്ങി മട്ടന്നൂര്‍ നഗരസഭ

Bydesk

Sep 22, 2021

മട്ടന്നൂര്‍: ദുരന്ത ഭൂമിയില്‍ മിനിറ്റുകള്‍ക്കൊണ്ട് ഓടി എത്തി തങ്ങളുടെ കടമ ക്രിത്യമായി നിര്‍വ്വഹിച്ച് ജീവനുകള്‍ സംരക്ഷിക്കുന്നവരാണ് നമ്മുടെ ഫയര്‍ ഫോഴ്‌സ്. രക്ഷാ ഉപകരണങ്ങളുടെ പോരായ്മയിലും കൈമെയ് മറന്ന് മനസ്സും ശരീരവും നീറുന്ന വേളകളില്‍ ജോലി ചെയ്യുന്ന സേനയ്ക്ക് ആരോടും പരാതിയുമില്ല. ആവശ്യങ്ങള്‍ ഏറെ ഉണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി ഏതു നേരവും തേടി എത്തുന്ന ഫോണ്‍ കോളുകള്‍ക്കായി കാത്തിരിക്കുന്ന രക്ഷകരെ ആരും ഓര്‍ക്കാറുമില്ല. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ആവശ്യമുള്ള സേനാ വിഭാഗം എന്ന രീതിയില്‍ അവഗണനയില്‍ കഴിയുകയാണ് നമ്മുടെ ഫയര്‍ ഫോഴ്‌സ് യൂണീറ്റുകള്‍.

അതിനു ഉദാഹരണമാണ് മലയോരത്തെ വിവിധ സ്‌റ്റേഷനുകളുടെ അവസ്ഥ. ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍ യൂണീറ്റുകള്‍ക്ക് സ്വന്തമായി കെട്ടിടമോ, ആവശ്യമായ സ്ഥലമോ പേരിനുമാത്രം സര്‍ക്കാര്‍ രേഖകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കെട്ടിടം നിര്‍മ്മിക്കാനായി കൊട്ടിഘോഷിച്ച് അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ ഇപ്പോള്‍ കാടു കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലവും രക്ഷകരുടെ സ്റ്റേഷനിലെ ജീവിതം ഇപ്പോഴും കാണാമറയത്തുതന്നെ.

മട്ടന്നൂരില്‍ പ്രവര്‍ത്തിച്ചു വന്ന അഗ്നിരക്ഷാ നിലയം കെട്ടിടം തകര്‍ന്നതോടെ സ്ഥലം എം.എല്‍.എ ഇടപ്പെട്ട് നഗരസഭയുടെ കെട്ടിടത്തിലേക്ക് ആറുമാസം മുന്‍പ് മാറ്റി സ്ഥാപിച്ചിരുന്നു. അസൗകര്യങ്ങള്‍ ഒട്ടനവധി ഉള്ള ഇവിടുത്തെ റൂമുകള്‍ ഇപ്പോള്‍ സേനയ്ക്ക് അന്യമാകുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. നഗരസഭയുടെ കെട്ടിടത്തിലെ താഴെയും മുകളിലുമായുള്ള മുറികളിലായിരുന്നു സേനാ വിഭാഗങ്ങള്‍ക്ക് വിശ്രമിക്കായി ഉണ്ടായിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ക്ക് മുകളിലെ മുറിയിലെ ബാത്ത്‌റും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, നഗരസഭ കോവിഡിനു മുന്‍പേ മുകളിലെ റൂമുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് വാടകയ്ക്ക് നല്‍കിയിരുന്നു. കോവിഡായതിനാല്‍ ഇവിടുത്തെ റൂമുകളില്‍ പ്രവര്‍ത്തനം ഒന്നും നടന്നിരുന്നുമില്ല. എന്നാല്‍, ഇപ്പോള്‍ സ്ഥാപനം ആരംഭിക്കുന്നതിനു മുന്നോടിയായി മുകളിലത്തെ റൂമുകള്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം കൊടുത്തിരിക്കുകയാണ്. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന മട്ടന്നൂരിലെ സ്റ്റേഷനില്‍ മുപ്പതിലധികം ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ട്.
വിമാനത്താവള നഗരമായതിനാല്‍ മിക്ക ദിവസങ്ങളിലും വിമാനങ്ങള്‍ എമര്‍ജന്‍സി ലാന്റിംഗ് നഗത്തുന്നതിനാലും സേനയ്ക്ക് എയര്‍പോര്‍ട്ട് ഡ്യൂട്ടിക്ക് പോകേണ്ടതുണ്ട്. എല്ലാ ദിവസവും പലവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ വിശ്രമിക്കാനായി എത്തുമ്പോള്‍ പലവിധ കാരണങ്ങളാലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും നിരാശയാണ് ഫലം.

ഇപ്പോഴുള്ള മട്ടന്നൂരിലെ സ്‌റ്റേഷനിലെ മുകളിലെ നിലയിലെ വിശ്രമ മുറി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നാല്‍ പൊതു ശൗചാലയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക്. മുപ്പതിലധികം വരുന്ന ജീവനക്കാര്‍ക്കായി വൃത്തിഹീനമായ നിലയിലുള്ള ശൗചാലയം കോവിഡ് സാഹചര്യത്തില്‍ ഉപയോഗിച്ചുകൊള്ളാന്‍ ഉത്തരവിറക്കിയിരിക്കുന്ന നഗരസഭാ അധികൃതര്‍രോട് ഞങ്ങളും മനുഷ്യരാണ് എന്ന് പറയാനുള്ള സ്വതന്ത്യമില്ലാതെ കേഴുകയാണ് മട്ടന്നൂരിലെ രക്ഷാപ്രവര്‍ത്തകര്‍. വലിയ സൗകര്യമൊന്നും ഇവര്‍ സ്വപ്‌നം കാണുന്നില്ല. എങ്കിലും , അര്‍ഹതപ്പെട്ടതെങ്കിലും ഭരണാധികാരികള്‍ മുന്നോട്ട് വന്ന് നല്‍കിക്കൂടെ എന്നാണ് ഇവിടെ എത്തുന്ന പലരും ചോദിച്ചു പോകുന്നത്….

Spread the love

Leave a Reply

Your email address will not be published. Required fields are marked *