തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒക്ടോബർ 13 ന് അവസാനിക്കും.
സുപ്രിംകോടതി വിധി അനുകൂലമായതിനെ തുടർന്നാണ് പ്ലസ് വൺ പരീക്ഷകൾ എത്രയും വേഗം നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയാണ് ടൈം ടേബിൾ പ്രസിദ്ധീകരിച്ചത്. ദിവസവും രാവിലെയാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. പരീക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.