കണ്ണൂർ : ജില്ലയിൽ പ്രധാന അധ്യാപകരില്ലാതെ 104 സർക്കാർ പ്രൈമറി വിദ്യാലയങ്ങൾ. ജില്ലയിൽ 116 എൽപി സ്കൂളുകളും 66 യുപി സ്കൂളുകളുമടക്കം 182 ഗവ പ്രൈമറി വിദ്യാലയങ്ങളാണുള്ളത്. സംസ്ഥാനത്തെ പകുതിയോളം ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകരില്ലാതായിട്ടു ഒന്നര വർഷം കഴിഞ്ഞു. നവംബർ ഒന്നിനു സ്കൂളുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോഴും സംസ്ഥാനത്തെ 1628 ഗവ. പ്രൈമറി സ്കൂളുകളിൽ പ്രധാനാ അധ്യാപകരില്ല.
നിശ്ചിത യോഗ്യതയില്ലാത്തവരെ പ്രധാനാധ്യാപകരായി നിയമിക്കാൻ അധ്യാപക സംഘടനകൾ നടത്തിയ ഇടപെടലുകളാണ് പ്രധാന അധ്യാപക നിയമ പോരാട്ടങ്ങൾക്കു വഴിവച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വകുപ്പുതല പരീക്ഷ പാസായവർക്കു മാത്രമേ പ്രധാന അധ്യാപകരാകാൻ പറ്റുകയുള്ളൂ. ഇത് ഹൈക്കോടതിയും ശരിവയ്ക്കുകയുണ്ടായി.
നിയമം പ്രാബല്യത്തിൽ വന്ന് 3 വർഷത്തിനുള്ളിൽ വകുപ്പുതല പരീക്ഷ പാസായില്ലെങ്കിൽ തരം താഴ്ത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ പരീക്ഷ പാസ്സാകാത്തവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കുന്നുമുണ്ട്. വകുപ്പുതല പരീക്ഷ പാസായവരെ നിയമിക്കുന്നതിന് കോടതികളിൽ നിലവിലുള്ള കേസുകൾ തടസ്സമല്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മറ്റു ജില്ലകളിൽ
തിരുവനന്തപുരം – 225, കൊല്ലം -182, ആലപ്പുഴ -107, പത്തനംതിട്ട -76, കോട്ടയം – 75, ഇടുക്കി -31, എറണാകുളം -116, തൃശൂർ -73, പാലക്കാട് – 139, മലപ്പുറം – 209 , കോഴിക്കോട് – 151 , വയനാട്- 51, കാസർകോട്- 89 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന പ്രഥമാധ്യാപക തസ്തികകളുടെ കണക്ക്.