• Wed. Nov 13th, 2024
Top Tags

ഉത്രവധം; ഭർത്താവ് സൂരജിന്‌ പതിനേഴ് വർഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം

Bydesk

Oct 13, 2021

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി.

ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മാര്‍ച്ച് മൂന്നിന് സൂരജിന്റെ വീട്ടില്‍വെച്ചും പാമ്പുകടിയേറ്റിരുന്നു.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ലോക്കല്‍ പോലീസ് കാര്യമായി അന്വേഷിച്ചില്ല. മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ച് കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഡമ്മി പരീക്ഷണം നടത്തി. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം എന്നിവയും കേസില്‍ നിര്‍ണായകമായി.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14-ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കേസില്‍ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയ പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ കൈയില്‍നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

2020 മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *