• Sat. Jul 27th, 2024
Top Tags

ഉദ്ഘാടനത്തിൽ ഒതുങ്ങി കരിക്കോട്ടക്കരി വില്ലേജ് ഓഫീസ്.അഞ്ച് മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ വില്ലേജ് ഓഫീസ് ഇപ്പോഴും  അടഞ്ഞുതന്നെ.

Bydesk

Oct 17, 2021

കരിക്കോട്ടക്കരി : കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ്  മലയോര കുടിയേറ്റ ജനതയുടെ ചിരകാല ആഗ്രഹമായിരുന്നു. ഇത് യാഥാർത്ഥ്യമാകുന്നു എന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. അങ്ങനെ കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾക്ക് മുൻമ്പ് കരിക്കോട്ടക്കരി ടൗണിൽ ഇരുമുറി വാടക കെട്ടിടത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ വില്ലേജ് ഓഫീസ്  അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മാസം അഞ്ചു കഴിഞ്ഞു. കെട്ടിടത്തിന് മുന്നിൽ കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് എന്ന തൂക്കിയിട്ട ബോർഡ് മാത്രമാണ് ഉള്ളത്. ഓഫീസിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസർ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം വന്ന് തുറന്നു നോക്കി പോകും. മറ്റ് പ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.

മലയോരത്തെ ഭൂവിസ്തൃതി കൂടിയ വില്ലേജുകളിൽ ഒന്നായ അയ്യൻകുന്ന് പഞ്ചായത്തിലെ അയ്യൻകുന്ന് വില്ലേജ്  വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് ഉണ്ടാക്കാനാണ് ഉത്തരവിറങ്ങിയത്. അയ്യൻകുന്ന് റവന്യൂ വില്ലേജ് വിഭജിച്ച് അയ്യൻകുന്ന്, കരിക്കോട്ടക്കരി എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കാനായിരുന്നു തീരുമാനം. കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിൽ 16 വാർഡുകളും 123 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്. മുപ്പത്തയ്യായിരത്തോളം ജനസംഖ്യയുള്ള പഞ്ചായത്തിന്റെ ഒരറ്റത്തുനിന്ന് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ ജനങ്ങൾക്ക് പന്ത്രണ്ട് കിലോ മീറ്ററോളം സഞ്ചരിക്കണം.  ഒട്ടേറെ ആദിവാസി കോളനികളും കുന്നും മലകളും നിറഞ്ഞ പ്രദേശമായതിനാൽ വില്ലേജ് ഓഫീസിലേക്കുള്ള യാത്ര ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. പഞ്ചായത്തിൽ കൂടുതൽ ജനങ്ങളുള്ള മേഖല എന്നനിലയിൽ അയ്യൻകുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് രൂപവത്കരിക്കണമെന്നായിരുന്നു കരിക്കോട്ടക്കരി മേഖലാ വികസന സമിതിയുടേയും ആവശ്യം. ആറളം വില്ലേജിന്റെ  ഭാഗമായ മാഞ്ചോട്, വാളത്തോട് ഭാഗങ്ങളും കൂടി ഉൾപ്പെടുത്തിയാണ് കരിക്കോട്ടക്കരി വില്ലേജിന്റെ അന്തിമ രൂപ രേഖ റവന്യു വകുപ്പ് അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻമ്പ് ഓഫീസ് ഉദ്ഘാടനം നടത്തിയതല്ലാതെ പിന്നീട് ഒന്നും ഉണ്ടായിട്ടില്ല. ഓഫീസിനായി പുതിയ തസ്തിക പോലും ഉണ്ടാക്കിയിട്ടില്ല. എങ്കിലും തുറന്നു പ്രവർത്തിക്കാത ഓഫീസിൽ പാർട്ട്‌ടൈം സ്വീപ്പർ തസ്തകയിൽ ആളെത്തിയിട്ടുമുണ്ട്. പേരിന് വില്ലേജ് ഓഫീസ് ഉണ്ടെങ്കിലും ജനങ്ങളുടെ ദുരിതം സർക്കാർ കാണണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി ചാക്കോ പറഞ്ഞു. എന്തായാലും ബോർഡും രണ്ട് മുറികളും മാത്രമുള്ള കരിക്കോട്ടരി വില്ലേജ് പരിതിയിലെ ജനങ്ങൾക്ക് അയ്യൻകുന്ന് വില്ലേജ് തന്നെ ശരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *