മഴയൊന്ന് പെയ്താൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അടിപ്പാത ‘കുളമാവും’. ശനിയാഴ്ചത്തെ മഴയിൽ അടിപ്പാതയിൽ ഒരാളുടെ അരയ്ക്കൊപ്പം ഉയരത്തിലാണ് വെള്ളംകയറിയത്.
റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമിലേക്കും തിരിച്ചും പോകാവുന്ന വിധത്തിലാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്.
ബാഗുകളുമായി അടിപ്പാതയുടെ അടുത്തെത്തി വെള്ളംനിറഞ്ഞത് കണ്ടതോടെ മടങ്ങിപ്പോകേണ്ട അവസ്ഥയിലായിരുന്നു യാത്രക്കാർ. ഇനി രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിൽനിന്ന് ലിഫ്റ്റ് കയറണമെങ്കിൽ മഴ നനയണം.
കനത്ത മഴയായിരുന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും പടികൾ കയറി റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തെ ആശ്രയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മംഗളൂരുവിൽനിന്നെത്തിയ മാവേലി എക്സ്‌പ്രസിലെ യാത്രക്കാർ ഇതുകാരണം ഏറെ ബുദ്ധിമുട്ടിലായി. ചികിത്സയ്ക്കായും മറ്റും മംഗളൂരുവിൽ പോയി തിരിച്ചെത്തുന്നവരാണ് ഇതിലെ ഭൂരിഭാഗം യാത്രക്കാരും. ‘കനത്ത മഴയായതിൽ ലിഫ്റ്റ് കയറാനാവാതെ പടികൾ കയറിയിറങ്ങിയാണ് പലരും സ്റ്റേഷനു പുറത്തെത്തിയത്.
മംഗളൂരു വിമാനത്താവളത്തിൽനിന്ന് നിരവധി ലഗേജുമായെത്തിയവരെല്ലാം അടിപ്പാതയും ലിഫ്റ്റ് ഉപയോഗിക്കാനാവാതെ മേൽപ്പാലത്തെയുമാണ് ആശ്രയിച്ചത്. വെള്ളം നിറഞ്ഞതോടെ അടിപ്പാതയുടെ ഒരു ഭാഗത്തെ കവാടം റെയിൽവേ അധികൃതർ കസേരകൾവെച്ച് അടച്ചു.
1.45 കോടി രൂപ ചെലവഴിച്ച് 2016-ലാണ് അടിപ്പാതയുടെ നിർമാണം തുടങ്ങിയത്. 2018 സെപ്റ്റംബറിൽ ഇത് യാത്രക്കാർക്കായി തുറന്നുകൊടുത്തു. അടുത്ത മഴക്കാലത്തുതന്നെ ഇതിൽ ചോർച്ചയുണ്ടായിരുന്നു. കാലവർഷം ശക്തിപ്പെട്ട സമയങ്ങളിൽ ഇതിനുള്ളിൽ ഉറവപൊട്ടി വെള്ളം നിറയുകയും ചെയ്തിരുന്നു. അടിപ്പാതയിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ ഇവിടെ മുൻപ് മോട്ടോർ സ്ഥാപിച്ചിരുന്നു. എന്നാൽ, രാത്രി വൈകിയും വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു തീവണ്ടികളെത്തുമ്പോഴും മറ്റുമുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അടിപ്പാത പണിതത്.