• Sat. Jul 27th, 2024
Top Tags

തുടർച്ചയായി പെയ്യുന്ന കനത്ത മഴ – ഇരിട്ടി മേഖലയിൽ കുരുമുളക് വള്ളികൾക്ക് വ്യാപക നാശം

Bydesk

Oct 22, 2021
ഇരിട്ടി : ഇരിട്ടിയുടെ മലയോര മേഖലകളിൽ മാസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് കർഷകർക്ക് ഇരട്ടി പ്രഹരം ഏൽപ്പിച്ചു കൊണ്ട് കുരുമുളക് വള്ളികൾ വ്യാപകമായി നശിച്ചു. വർഷങ്ങൾ പഴക്കമുള്ള കുരുമുളക് തോട്ടങ്ങളാണ് ദ്രുതവാട്ടവും വേര് ചീയലും മൂലം നശിച്ചത്. വള്ളികൾ തിരിയിട്ട് വിളവ് നല്കാൻ ഒരുങ്ങുന്ന സമയത്താണ് ഇവ മുഴുവൻ ഉണങ്ങി  നശിച്ചിരിക്കുന്നത്.
അയ്യങ്കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി , ആനപ്പന്തി, ചരൾ മേഖലയിലാണ് നിരവധി കർഷകരുടെ നൂറുകണക്കിന് കുരുമുളക് വള്ളികൾ പാടേ നശിച്ചത്. മുടയരഞ്ഞിയിലെ മൂഴിക്കുഴിയിൽ എം.ഡി. ജോസ്, അണിയറ ബിജുമോൻ, ഒരപ്പാൻകുഴി ആന്റണി , ജോർജ്ജ്, കുമ്പളന്താനത്തിൽ സണ്ണി , ചരലിലെ കുറ്റിക്കാട്ടിൽ ജോയി, കാരക്കാട്ട് ജോസ് തുടങ്ങിയ നിരവധി  കർഷകരുടെ നൂറുകണക്കിന് കുരുമുളക്  കൊടികളും നശിച്ചു.
സൂര്യവെളിച്ചം ലഭിക്കാതെ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷവും തുടർച്ചയായി പെയ്യുന്ന മഴയുമാണ് രോഗകാരണമായി പറയെപ്പെടുന്നത്. നീർവാർച്ചയുള്ള മണ്ണിൽ കൃഷി ചെയ്തവകൂടി ഉണങ്ങി നശിച്ചു. പല കൃഷിയിടങ്ങളിലും വെള്ളീച്ചയുടെ ശല്യവും രൂക്ഷമാണ്.  തുടർച്ചയായി പെയ്യുന്ന മഴമൂലം  രോഗ നിയന്ത്രണത്തിനായി ബോർഡോ മിശ്രിതം പോലുള്ള തളിക്കാൻ കഴിയാത്തതും വിനയായി.  കഴിഞ്ഞ വർഷങ്ങളിൽ ഒരു ക്വിന്റലിലധികം വിളവ് നൽകിയിരുന്ന തോട്ടങ്ങളാണ് ഏറെയും. ഇക്കുറി നിലക്കാത്ത മഴമൂലം റബ്ബർ  കർഷകരും പ്രതിസന്ധിയിലാണ്. മഴകാരണം പാലെടുക്കാൻ കഴിയാത്തതാണ് ഇവർക്കും വിനയായത്. കാലവർഷം നിലക്കുകയും റബ്ബർ പാൽ  ഏറെ ലഭിക്കുകയും ചെയ്യേണ്ട ഓഗസ്റ്റ് , സെപ്തംബർ മാസങ്ങളിലെ വിളവെടുപ്പാണ് തുടർച്ചയായ മഴമൂലം തടസ്സപ്പെട്ടത്. ഇതിനിടയിലാണ് കുരുമുളക് വള്ളികളും വ്യാപകമായി നശിക്കുന്നത് മേഖലയിലെ കർഷകരുടെ നടുവൊടിക്കുന്നത് .
Spread the love

Leave a Reply

Your email address will not be published. Required fields are marked *