• Sat. Jul 27th, 2024
Top Tags

പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടകശ്ശേരിയിലെ പുതിയ കെട്ടിടത്തില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനംആരംഭിച്ചു

Bydesk

Oct 22, 2021

 

പയ്യാവൂര്‍ : പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടകശ്ശേരിയിലെ പുതിയ കെട്ടിടത്തില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനംആരംഭിച്ചു. പുതിയസ്റ്റേഷനില്‍ നനഞ്ഞൊലിച്ച് ജോലി ചെയ്യുകയായിരുന്നു പയ്യാവൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍. മാധ്യമങ്ങളുടെ ഇടപെടല്‍; ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പുതിയ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞ് 8 മാസങ്ങള്‍ കഴിഞ്ഞിട്ടും പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്നലെവരെ പ്രവര്‍ത്തിച്ചത് പഴയകെട്ടിടത്തില്‍ തന്നെ. സാങ്കേതികകാരണങ്ങളാലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് വൈകിയത്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുതിയസ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

കണ്ടകശേരി പള്ളി പുഴയോരത്ത് സൗജന്യമായി നല്‍കിയ 35 സെന്റ് സ്ഥലത്താണ് പോലീസ് സ്റ്റേഷന്‍ നിര്‍മിച്ചത്. ഒരുകോടി രൂപ ചെലവില്‍ ഹെബിറ്റാറ്റാണ് നിര്‍മാണം നടത്തിയത്. രണ്ട് നിലകളായി നിര്‍മിച്ച കെട്ടിടത്തില്‍ വിശ്രമമുറി, കംപ്യൂട്ടര്‍ റൂം, റെക്കോര്‍ഡ് റൂം, സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതികളെ സൂക്ഷിക്കാനുള്ള മൂന്ന് സെല്‍ ഉള്‍പ്പെടെ എല്ലാസൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് എത്തിയതോടെയാണ് മാറ്റം.

ഇതോടെ ഇനി ഇത്ര കാലം ചോര്‍ന്നൊലിച്ച പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ജോലി നോക്കേണ്ടി വന്ന പോലീസുകാര്‍ ഹാപ്പിയായി. നിന്ന് തിരിയാനിടമില്ലാത്ത പോലീസ് സ്റ്റേഷന്‍ കെട്ടിടം ഇനി ഓര്‍മ്മയാണ്. പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പയ്യാറ്റ് വയലില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്‍ 13 വര്‍ഷം മുമ്പ് ഇവിടേക്ക് മാറ്റുകയായിരുന്നു.

ചോര്‍ന്നൊലിക്കുന്ന ഓടുമേഞ്ഞ പഴയ കെട്ടിടത്തില്‍ ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ്. പ്രധാന ഹാള്‍ ഉള്‍പ്പെടെ ചോര്‍ന്ന് തറയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായതോടെ മേശപ്പുറത്ത് പാത്രം വച്ച് വെള്ളം പിടിക്കുകയായിരുന്ന പോലീസുകാര്‍ ചെയ്തത്. എലി ശല്യം കാരണം ഫയലുകള്‍ സൂക്ഷിക്കാനും പോലീസുകാര്‍ പ്രയാസപ്പെട്ടു. പാമ്പ് അതിഥിയാണ്.കൂറ, മൂട്ട വെറേയും.

പോലീസുകാര്‍ക്ക് വിശ്രമമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ കൃഷിഭവനാണ് പോലീസുകാര്‍ ആശ്രയിച്ചിരുന്നത്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമോ പ്രതികളെ പാര്‍പ്പിക്കാനാവശ്യമായ ലോക്കപ്പ് സൗകര്യമോ ഇല്ല.

അറസ്റ്റ് ചെയ്യുന്ന പ്രതികളെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോകാറുള്ളത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറും എസ്‌ഐയും നാല് വനിതാ പോലീസുകാരും ഉള്‍പ്പെടെ 36 പേരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. നാടിന്റെ സുരക്ഷ കാക്കുന്ന ഇവരും മനുഷ്യരാണ് എന്നുള്ള പരിഗണന വൈകിയെങ്കിലും ലഭിച്ചതില്‍ ഒരുപാട് പേര്‍ ഹാപ്പിയാണ്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *