• Sat. Jul 27th, 2024
Top Tags

അടിമുടി ചിതറിത്തെറിച്ച് കരട് വോട്ടർ പട്ടിക; ഇരട്ട വോട്ടുകാരും മരിച്ചവരുമെല്ലാം വീണ്ടും പട്ടികയിൽ.

Bydesk

Nov 22, 2021

കണ്ണൂർ:  പുതിയ കരട് വോട്ടർ പട്ടിക അടിമുടി മാറിമറിഞ്ഞു. വോട്ടർ പട്ടികയുടെ ക്രമം താറുമാറാവുകയും നേരത്തേ തള്ളിപ്പോയ വോട്ടുകൾ കടന്നു വരികയും ചെയ്തു. സ്ഥലം മാറിയവരും ഇരട്ട വോട്ടുകാരും മരിച്ചവരുമെല്ലാം വീണ്ടും പട്ടികയിൽ സ്ഥാനം പിടിച്ചു. ഇതെല്ലാം ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് ബൂത്ത് ലവൽ ഓഫിസർമാർ(ബി.എൽ.ഒ).
വോട്ടർ പട്ടികയ്ക്ക് നേരത്തേ ഒരു ക്രമം ഉണ്ടായിരുന്നത് നഷ്ടപ്പെട്ടതാണു കുഴപ്പമായത്. ഒരു വീട്ടിലുള്ള വോട്ടർമാർ, അതിന് അടുത്തുള്ള വീട്ടിലെ വോട്ടർമാർ എന്ന ക്രമത്തിലായിരുന്നു ഇതുവരെ വോട്ടർ പട്ടിക ഉണ്ടായിരുന്നത്. ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഈ ക്രമമെല്ലാം തെറ്റി. ഒരു വീട്ടിലുള്ള വോട്ടർമാർ തന്നെ പട്ടികയുടെ പല ഭാഗങ്ങളിലാണ് ഉള്ളത്.
അടുത്തടുത്ത വീടുകൾ എന്ന ക്രമവും പാലിക്കപ്പെട്ടിട്ടില്ലെന്ന് ബി. എൽ. ഒമാർ ചൂണ്ടിക്കാട്ടുന്നു. ഈ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തിരഞ്ഞു കണ്ടു പിടിക്കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. നേരത്തേ വോട്ടർ പട്ടിക തയാറാക്കുന്നത് കെൽട്രോണിന്റെ ചുമതലയിലായിരുന്നു. ഇത്തവണത്തെ കരട് പട്ടിക തയാറാക്കിയത് മറ്റൊരു സർക്കാർ ഏജൻസിയാണ്. പട്ടിക തയാറാക്കുന്നതിൽ പ്രാഥമിക ചിട്ടകൾ പോലും പാലിച്ചില്ലെന്നാണു വ്യക്തമാകുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച പട്ടികയാണ് കരട് പട്ടികയായി ഈ മാസം ആദ്യം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. അതിനു പകരം തീർത്തും അടുക്കും ചിട്ടയും നഷ്ടപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ബി.എൽ.ഒമാർ പറയുന്നത്. ജനുവരിയിൽ പ്രസിദ്ധീകരിക്കപ്പെട്ട പട്ടിക മരിച്ചവരും സ്ഥലത്തില്ലാത്തവരും മറ്റും ഉൾപ്പെടാത്തതാണ്. എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച കരടിൽ നേരത്തേ തള്ളിപ്പോയ വോട്ടുകളെല്ലാം കയറി വന്നിട്ടുണ്ട്. ഇരട്ട വോട്ടുകളും ധാരാളമുള്ളതായി ബി.എൽ.ഒമാർ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *