തളിപ്പറമ്പ് : തളിപ്പറമ്പ് സർസയ്യിദ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപം നിർമ്മിച്ച രണ്ട് ബസ് സ്റ്റോപ്പുകൾ നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് സർസയ്യിദ് കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബസ് സ്റ്റോപ്പ് നിർമ്മാണ പദ്ധതി. വിദ്യാഭ്യാസ രംഗത്തേതുൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള കരിമ്പത്ത് മഴയും വെയിലുമേറ്റായിരുന്നു പലപ്പോഴും ജനങ്ങൾ ബസ് കാത്തു നിന്നിരുന്നത്. സർക്കാർ ആശുപത്രിയും ബ്ലോക്ക് ഓഫീസ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും കരിമ്പം പ്രദേശത്തുള്ളതിനാലാണ് സർസയ്യിദ് കോളേജ് അധികൃതർ രണ്ട് ബസ് സ്റ്റോപ്പുകൾ നിർമ്മിച്ച് നൽകിയത്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നേരത്തെ മയ്യിൽ തേർളായി ദ്വീപിൽ ആറു വീടുകളും, മുയ്യത്ത് ഒരു വീടും പണിത് നൽകിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ സി.ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ.പി. മഹമൂദ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, സി.ഡി.എം.ഇ.എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഒലായിക്കര, സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ, ഡോ.പി.ടി.അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.