• Sat. Jul 27th, 2024
Top Tags

കണ്ണൂരിൽ ഇതുവരെ വെടിവച്ച് കൊന്നത് 27 കാട്ടുപന്നികളെ.

Bydesk

Nov 23, 2021

കണ്ണൂർ ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ വ്യവസ്ഥകളോടെ അനുമതി ലഭിച്ച ശേഷം ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ. തളിപ്പറമ്പ് റേഞ്ചിലാണു കൂടുതൽ പന്നികളെ കൊന്നത്. 25 എണ്ണം. കൊട്ടിയൂർ റേഞ്ചിൽ 2 എണ്ണം. തോക്ക് ലൈസൻസുള്ള എഴുപതോളം പേർക്കാണു കാട്ടുപന്നികളെ വെടിവയ്ക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുള്ളത്. വന്യജീവികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു മുൻകാലങ്ങളിൽ കേസുകളിൽ ഉൾപ്പെടാത്തവർക്കു മാത്രമാണ് അനുമതി.

തോക്ക് ലൈസൻസുള്ളവരുടെ അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് അനുമതി നൽകുന്നുണ്ടെന്നു ഡി. എഫ്. ഒ കാർത്തിക് പറഞ്ഞു. വ്യാപക കൃഷിനാശമുണ്ടാക്കുന്നതു മാത്രമല്ല, കാട്ടുപന്നികൾ ജീവനെടുക്കാനും തുടങ്ങിയതാണു കർഷകർക്കിടയിൽ അമർഷം ശക്തമാകാൻ കാരണം. 2018 ഓഗസ്റ്റ് 11ന് എടക്കാനത്ത് തോട്ടത്തിൽ വർഗീസിനെ കുത്തിക്കൊന്നതു കാട്ടുപന്നിയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 9ന് പടിയൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മീനോത്ത് നിഖിൽ അപകടത്തിൽപ്പെട്ടു മരിക്കാൻ കാരണം കാട്ടുപന്നി കുറുകെ ചാടിയതായിരുന്നു.

കാട്ടുപന്നികളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റവരും അംഗഭംഗം നേരിട്ടവരും ഒട്ടേറെയുണ്ടു മലയോര മേഖലകളിൽ. അടുത്തകാലത്തായി കാട്ടിൽ നിന്നു വളരെ അകലെയുള്ള കൃഷിയിടങ്ങളിലേക്കും പന്നികൾ എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കു പന്നികളെ വെടിവയ്ക്കാൻ നേരത്തേ വനംവകുപ്പ് അനുമതി നൽകിയിരുന്നെങ്കിലും വ്യവസ്ഥകൾ അപ്രായോഗികമായതിനാൽ നടപ്പായിരുന്നില്ല. വെടിവയ്ക്കാൻ അനുമതി ലഭിച്ചതു തോക്ക് ലൈസൻസുള്ള എഴുപതോളം പേർക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *