കണ്ണൂർ : കെഎസ്ആർടിസിയുടെ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലായി 8 ബസുകൾ കട്ടപ്പുറത്ത്. ഇതിൽ 5 എണ്ണം ജില്ലാ കേന്ദ്രത്തിലെ കണ്ണൂർ ഡിപ്പോയിലാണ്. തലശ്ശേരിയിൽ രണ്ടും പയ്യന്നൂരിൽ ഒരെണ്ണവും കട്ടപ്പുറത്തുണ്ട്. കോവിഡിൽ കുടുങ്ങി ഏറെയും സ്വകാര്യ ബസുകൾ റോഡിൽ നിന്ന് പിൻവലിഞ്ഞതു കൊണ്ടുള്ള യാത്രാക്ലേശം ജില്ലയിൽ പ്രതിസന്ധി തീർക്കുന്ന സാഹചര്യത്തിനിടെയാണു കെഎസ്ആർസിയുടെ ദുര്യോഗം.
ശബരിമല സ്പെഷൽ സർവീസിന്റെ ഭാഗമായി 8 ബസുകൾ കണ്ണൂരിൽ നിന്നു വിട്ടു കൊടുത്തിട്ടുണ്ട്. ലോക്‌ഡൗൺ ഉണ്ടാക്കിയ അടച്ചിടലിനെ തുടർന്ന് കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞ് നാട് സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബസുകളുടെ എണ്ണക്കുറവ് നിലവിലെ പ്രതിസന്ധിയിൽ നിന്നു കര കയറാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്കു വിലങ്ങ് തടിയാകുന്നുണ്ട്.
ബസുകളുടെ അഭാവം, ജീവനക്കാരുടെ അഭാവം എന്നിവ കാരണം സർവീസുകൾ മുടങ്ങുകയോ സമയം തെറ്റി ഓടുകയോ ചെയ്യരുതെന്ന ചെയർമാന്റെ നിർദേശം എങ്ങനെ പാലിക്കുമെന്നുള്ള നിസ്സഹായതയിലാണ് ജില്ലയിലെ ഡിപ്പോ അധികൃതർ. കണ്ണൂർ ഡിപ്പോയിലെ 2 ബസുകൾ എൻജിൻ തകരാറിലായിട്ട് മാസങ്ങളായി. പുതിയ എൻജിൻ ഘടിപ്പിച്ചാൽ മാത്രമേ സർവീസിന് ഉപകാരപ്പെടുകയുള്ളു. എൻജിൻ തകരാറായ കാര്യം നേരത്തേ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയില്ല. സ്പെയർപാർട്സിന്റെ ക്ഷാമവും ഡിപ്പോകളിലുണ്ട്.