തിരുവനന്തപുരം : പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു. നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്.
2021 ഒക്‌ടോബർ 07 മുതലാണ് , കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾക്കിടെ തിരക്ക് കുറയക്കാൻ ഉയർന്ന നിരക്കിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്. നിരക്ക് കുറച്ചാലും , യാത്രക്കാർ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകൾ ശുചീകരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.