പയ്യന്നൂർ (കണ്ണൂർ) : റെയിൽ പാളം മുറിച്ചു കടന്നപ്പോൾ ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ കൂലി തൊഴിലാളിയുടെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് ഉദിനൂർ റെയിൽവേ ഗേറ്റിന് അപ്പുറത്ത് നിന്ന് ജബൽപുർ – കോയമ്പത്തൂർ ട്രെയിൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരെ ഓടിയത്.
ട്രെയിനിന്റെ എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട് ഗേറ്റ്മാൻ വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അതേസമയം തന്നെ ഒരാളെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. ട്രെയിൻ പയ്യന്നൂരിൽ പിടിച്ചിട്ടു. സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും എത്തി എൻജിനു മുന്നിൽ കുടുങ്ങി കിടന്ന മൃതദേഹം മാറ്റി പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു.
9.20ന് സ്റ്റേഷനിൽ എത്തിയ ട്രെയിൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി 2 മണിക്കൂർ കഴിഞ്ഞാണു പോയത്. ചെമ്മങ്ങാട്ട് യശോദയാണു മരിച്ച കുമാരന്റെ ഭാര്യ. മക്കൾ സി.വിനോദ്, വിധുബാല, വിദ്യ. മരുമക്കൾ മിനി, ബാബു, പരേതനായ നളിനാക്ഷൻ. സഹോദരങ്ങൾ ടി.വി.കുഞ്ഞിരാമൻ (അന്തിത്തിരിയൻ, തൃക്കരിപ്പൂർ രാമവില്യം കഴകം), നാരായണൻ (ഹോട്ടൽ, മീലിയാട്ട്), കാർത്യായനി, പരേതനായ അമ്പു, ബാലകൃഷ്ണൻ.