പിണറായി : കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾ കഷ്ടപ്പാടിൽ. ആശുപത്രി വളപ്പിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് പാടേ തകർന്നതോടെ രോഗികളും അവശതയനുഭവിക്കുന്നവരും നടന്നു വേണം ആശുപത്രിയിലെത്താൻ. റോഡു തകർച്ച കാരണം 30 മീറ്റർ അകലെ നിന്നു നടന്നാണ് ഇവർ എത്തുന്നത്.
ദിവസേന അഞ്ഞൂറോളം രോഗികൾ ഇവിടെ പരിശോധനയ്ക്ക് എത്താറുണ്ട്. ആശുപത്രിയിലെത്തുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ദൂരെ നിർത്തിയാണ് രോഗികളെ ഇറക്കുന്നത്. ഒരു വർഷമായിട്ടും റോഡിന്റെ സ്ഥിതിയിൽ മാറ്റമില്ല. നിരവധി പേർ പരാതി അറിയിച്ചിട്ടും അധികൃതർ നടപടി കൈക്കൊള്ളാത്തതിൽ ജനങ്ങൾക്കു പ്രതിഷേധമുണ്ട്.