ഇരിട്ടി : മാസങ്ങളോളം തുടരുന്ന അതിശക്തമായ മഴ റബ്ബർ കർഷകർക്ക് ദുരിതമായി. അഞ്ചുമാസത്തോളം തുടർച്ചയായി പെയ്ത മഴയിൽ റബ്ബർ ടാപ്പിങ് മുടങ്ങുകയും ഉത്പാദനം നിലയ്ക്കുകയുമായിരുന്നു. സാധാരണനിലയിൽ മഴക്കാലത്ത് കുറേദിവസം റബ്ബർ ഉത്പാദനം നടക്കാറുള്ളതാണ്.
മഴക്കോട്ടിട്ട് റബ്ബർടാപ്പിങ് നടത്താൻ കഴിയുന്നവർ മഴ കുറവുള്ള ദിവസങ്ങളിൽ ഉത്പാദനം നടത്തിയിരുന്നു. ഇക്കൊല്ലം തുടർച്ചയായി പെയ്ത ശക്തമായ മഴ എല്ലാ പ്രതീക്ഷകളും തകർക്കുന്നതായി. മഴ കുറയുകയും വെയിൽ കിട്ടിത്തുടങ്ങുകയും ചെയ്തതോടെ റബ്ബർമരത്തിന്റെ ഇല വ്യാപകമായി കൊഴിയുകയാണ്. ഇതോടെ ടാപ്പിങ് നടത്തിയാലും പാല് കിട്ടുന്നില്ല. നീണ്ട മഴക്കാലത്ത് തൊലി മരവിച്ച റബ്ബർമരങ്ങളിൽനിന്ന് ഉത്പാദനം തീരെയില്ലാതായി.
ഇത് റബ്ബർ കർഷകരെ സാമ്പത്തികമായി തകർച്ചയിലാക്കി. എന്തുചെയ്യണമെന്നറിയാത്ത അനിശ്ചിതത്വത്തിലേക്ക് കർഷകരെ എത്തിച്ചിരിക്കുകയാണ്.