ഇരിട്ടി : ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് മാറ്റുന്നത് വിവാദമാകുന്നു. ഫാം പതിമൂന്നാം ബ്ലോക്കിൽ നിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള ചൂരൽ മുറിച്ച് കടത്തിയത്. അതേസമയം വന്യമൃഗ ശല്യം രൂക്ഷമായതിനാൽ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ പരാതിയെ തുടർന്നാണ് ചൂരൽ മുറിച്ച് മാറ്റുന്നതെന്നാണ് ടി. ആർ. ഡി. എം അധികൃതരുടെ വിശദീകരണം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ നിന്നുമാണ് വൻ തോതിൽ ചൂരൽ മുറിച്ച് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വന പാലകരെയും , ടി. ആർ. ഡി. എം സൈറ്റ് മാനേജരെയും വിളിച്ച് നിയമപരമായാണോ ചൂരൽ മുറിച്ച് കടത്തുന്നത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ
ചുരൽ മുറിച്ച സ്ഥലത്തോ , പരിസരത്തോ ഒരു കുടുംബം പോലും നിലവിൽ താമസമില്ല. അതിനാൽ തന്നെ ഉദ്യോഗസ്ഥർ അറിയാതെ ഇവ മുറിക്കാനും സാധിക്കില്ല. മുറിക്കുന്ന ചൂരലിന്റെ എണ്ണമോ കണക്കോ പോലും വ്യക്തമല്ലെന്നും ആക്ഷേപമുണ്ട്. വന സംരക്ഷണത്തിൽപ്പെടുന്നതാണ് ചുരൽ ചെടികളും . ഇവക്ക് മൂർച്ചയേറിയ മുള്ള് ഉളളതിനാൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളെ പ്രതിരോധിക്കാനാണ് ഉപകരിക്കുക. അറുപതിലധികം കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന ആറളം ഫാമിലെ കൊടുംകാടുകൾ വെട്ടി തെളിക്കാൻ ഒരു നടപടിയും ഇല്ലാതിരിക്കുബോൾ ചൂരൽ മുറിച്ച് മാറ്റാൻ മാത്രം അനുമതി നൽകിയതിൽ ദുരൂഹത ചൂണ്ടികാട്ടി പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതിയും നൽകി കഴിഞ്ഞു.