ചിറകുകളുള്ള ഹെർമീസ് ദേവനായിരുന്നു ജിമ്മി ജോർജ് വലയ്ക്ക് മുകളിൽ ഉയർന്നു ചാടി ശരവേഗമാർന്ന സ്മാഷുകൾ തൊടുക്കുന്ന ദേവൻ. എതിരാളിയുടെ നെഞ്ച് തുളച്ചാണ് ആ ജമ്പ് സർവുകൾ മണ്ണിൽ പതിച്ചത്. ആ ഇടിമുഴക്കൻ സർവ്വിനൊപ്പം ജിമ്മി ഓർമ്മയായിട്ട് 34 വർഷം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇറ്റലിയിൽ വെച്ചുണ്ടായ കാറപകടത്തിൽ ജിമ്മി വിടപറഞ്ഞത്.
നാട്ടിൻപുറത്തെ വയൽതട്ടുകളിൽ പന്ത് തട്ടിയവർ അങ്ങനെ പന്ത് കളിക്കാരായി. അവർക്കിടയിൽ നാട്ടിൻപുറത്തെ കളിയാസ്വാദകർക്ക് ജിമ്മി ജോർജ് വടക്കൻ മലബാറിന്റെ വില്ലാളിവീരനായി. പഴശിയുടെ വീരഗാഥകൾ സ്മാഷുകളുതിർക്കുന്ന മണ്ണിൽ ജിമ്മി രണ്ടാം പഴശ്ശിയായി. എന്നാൽ കോർട്ടിൽ ഇടിമുഴക്കം തീർത്ത ആറടി ഉയരക്കാരന്റെ സ്മാഷുകൾ വടക്കൻ വീരഗാഥകൾക്കപ്പുറം എതിരാളികളെ അപ്രസക്തരാക്കി ഇതിഹാസം രചിച്ചു.
1987 നവംബർ 30 നാണ് ജിമ്മി വിട പറഞ്ഞത്. പിൻതലമുറകൾക്ക് എൻപതുകളുടെ യുവത്വം ആവേശത്തോടെ പറഞ്ഞുകൊടുത്തു ജിമ്മി ജോർജ് എന്ന പേര്. വലയ്ക്ക് മുകളിൽ ഉയർന്നുചാടി ഒരു നിമിഷം വായുവിൽ നിശ്ചലനായി ജിമ്മിയുതിർത്തി സർവിസുകളുടെ ആകാരം കളിയെത്തുകൾക്ക് അപ്പുറമായിരുന്നു. പേരാവൂരിൽ വോളിബോൾ കുടുംബത്തിൽ 1955 മാർച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പിതാവിന്റെ ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പം ജിമ്മിയും കോർട്ടിലെത്തി. അവർ ഏഴു പേരും ഒരൊറ്റ ടീമായി പന്തുതട്ടിയപ്പോൾ അവർക്കെല്ലാം മുകളിൽ ജിമ്മി സ്മാഷുതിർക്കാൻ ഉയർന്നുചാടി. 21-ാം വയസിൽ അർജുന അവാർഡ് നേടിയ പ്രായം കുറഞ്ഞ വോളിബോൾ താരമായ ജിമ്മി പ്രഫഷണൽ വോളിബോളിൽ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യൻ താരവുമായി.
പതിനാറാം വയസിൽ കേരള ടീമിൽ അംഗമായി 1970ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായി ജിമ്മി പിന്നീട് പാല സെൻ്റ് -തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച നാല് തവണയും കേരള യുണിവേഴ്സിറ്റിക്ക് അന്തർ സർവ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ൽ പതിനാറാം വയസിൽ കേരള ടീമിൽ അംഗമായി ജിമ്മി തുടർച്ചയായി | 11 വർഷങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടി കേരളത്തിന്റെ ഹെർമീസ്.
ഇറ്റലിയിൽ ഹെർമീസ് ദേവനായാണ് ജിമ്മി ആരാധകർക്കിടയിൽ സ്മാഷുയർത്തത്. ആറടി ഉയരവും കട്ടിയുളള കറുത്ത താടിയും ആ ഇതിഹാസ നാമത്തിന് കിരീടം ചാർത്തി, എന്നാൽ ഇതിഹാസ ഭുമിയിൽ ഇതിഹാസം രചിക്കാൻ പോയ ഹെർമീസ് കായികപ്രേമികൾക്ക് കണ്ണീരായി 10-ാം നമ്പർ ജഴ്സിയിൽ കായിക ചരിത്രത്തിന്റെ പ്രൗഡിക്കൊപ്പം കളം വാണ ജിമ്മി 80കളിൽ ലോകത്തെ മികച്ച അറ്റാക്കർ എന്ന പേരെടുത്താണ് കോർട്ട് വിട്ടത്.