• Sat. Jul 27th, 2024
Top Tags

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സ്‌പെഷ്യൽ വോട്ടർമാർക്ക് തപാൽ വോട്ട്.

Bydesk

Nov 30, 2021

ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ, കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിലുമുള്ള വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് തപാൽ വോട്ട് അനുവദിക്കുക. പ്രത്യേക പോളിംഗ് ടീമിനെ നിയമിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ വോട്ടർമാരുടെ താമസസ്ഥലത്ത് എത്തിക്കുന്നത്. സ്ഥാനാർത്ഥിയെയോ ഏജന്റിനെയോ മുൻകൂട്ടി അറിയിച്ചാണ് പ്രത്യേക പോളിംഗ് ടീം ബാലറ്റ് വിതരണം ചെയ്യുന്നത്.

വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ കവറിലാക്കി സീൽ ചെയ്ത് പോളിംഗ് ടീമിനെ രേഖാമൂലം തിരികെ ഏൽപ്പിക്കാം. തപാൽ വഴിയോ ആൾ വശമോ വരണാധികാരികൾക്ക് ലഭ്യമാക്കുകയും ചെയ്യാം. വോട്ടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന വോട്ടർമാർക്കാണ് തപാൽ വോട്ട് അനുവദിക്കുക. മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും ക്വാറന്റൈനിലുള്ളവരും വോട്ടെടുപ്പിന്റെ അവസാന സമയം പോളിംഗ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി വേണം വോട്ട് രേഖപ്പെടുത്തേണ്ടത്. പി പി ഇ കിറ്റ് ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വേണം വോട്ട് ചെയ്യേണ്ടത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് രാവിലെ 10 ന് ആരംഭിക്കും. അന്നേ ദിവസം രാവിലെ 10 മണിവരെ വരണാധികാരികൾക്ക് ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണും.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ ഉൾപ്പെടെ 32 തദ്ദേശ വാർഡുകളിലേക്കാണ് ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളും ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളും ഇതിൽ ഉൾപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *