• Sat. Jul 27th, 2024
Top Tags

യുവമോർച്ച മഹാറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം: ഡി.വൈ.എഫ്.ഐ നേതാവിൻ്റെ പരാതിയിൽ കേസെടുത്തു.

Bydesk

Dec 2, 2021

തലശേരി : തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ യുവമോർച്ച പ്രവർത്തകർ മുഴക്കിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഡി. വൈ. എഫ്ഐ പരാതി നല്‍കി. ഇതര സമുദായത്തിൻ്റെ ആരാധനാലയങ്ങൾ തകർക്കുമെന്നായിരുന്നു ഭീഷണി. നാടിന്‍റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ കേരളത്തിന്‍റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്‍റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽകേണ്ടതുണ്ട്. തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കൾക്കും പ്രവര്‍ത്തകർക്കുമെതിരെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപിയുടെയും യുവമോർച്ചയുടെയും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം എഴുതി തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ മാത്രം വിളിക്കണമെന്ന് നേതൃത്വത്തിൻ്റെ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും അണികൾ അനുസരിക്കാതെ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തലശേരി ബ്ളോക്ക് സെക്രട്ടറി ജിഥുൻ നൽകിയ പരാതിയെ തുടർന്ന് കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ തലശേരി പൊലിസ് കേസെടുത്തു. സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. നേരത്തെ ഇതിനു സമാനമായി ഇരിട്ടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരും നഗരത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രകടനം നടത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയും കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *