കണ്ണൂർ : റെയിൽവേ പ്ലാറ്റ്ഫോമിലെ മാലിന്യവീപ്പയിൽ തീപിടിത്തം; അപകട സൈറൺ മുഴങ്ങി. കത്തിച്ച സിഗരറ്റ് കുറ്റി മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു… കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു കടന്നുപോയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഇന്റർസിറ്റി എക്സ്പ്രസ് എത്തിയപ്പോൾ മുതലുള്ള 15 മിനിറ്റ് നേരമാണ് സ്റ്റേഷൻ ആശങ്കയുടെ മുൾമുനയിലായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്ന് അറിഞ്ഞതോടെയാണ് ആശങ്കയ്ക്കു വിരാമമായത്.
ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരിയുടെ നിർദേശ പ്രകാരം സീനിയർ ഡിവിഷനൽ ഓഫിസർ മുരളീധരന്റെ നേതൃത്വത്തിലായിരുന്നു മോക് ഡ്രിൽ. യാത്രക്കാരനായി റെയിൽവേ ജീവനക്കാരൻ തന്നെയാണ് സിഗരറ്റ് കത്തിച്ച് വീപ്പയിൽ വലിച്ചെറിഞ്ഞത്. തീപടർന്നതോടെ അപകട സൈറൺ മുഴക്കി. ഉടൻ ഫയർ എക്സ്റ്റിഗ്വിഷൻ എത്തിച്ച് തീയണച്ചു. പൊലീസ് സ്ഥലത്തെത്തി സിഗരറ്റ് വലിച്ചെറിഞ്ഞ യുവാവിനെ പിടികൂടുകയും ചെയ്തു. സൈറൺ മുഴങ്ങുന്നതു കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും പുറത്തു നിന്നുള്ളവരും സ്റ്റേഷനിലേക്കു കുതിച്ചെത്തിയിരുന്നു.
മോക്ഡ്രിൽ പൂർത്തിയായ ശേഷം പ്ലാറ്റ്ഫോമിൽ ബോധവൽക്കരണ ക്ലാസ് നടന്നു. യാത്രക്കാരുടെ അനാസ്ഥ കാരണമുള്ള തീപിടിത്തങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റേഷനിലെ മുഴുവൻ വിഭാഗങ്ങളിലെയും ജീവനക്കാരും തൊഴിലാളികളും മോക്ഡ്രില്ലിൽ പങ്കാളികളായി. സേഫ്റ്റി കൗൺസിലർമാരായ ഡേവിസ് വർഗീസ്, ഒ. വി സജി, സ്റ്റേഷൻ മാനേജർ എസ്സ ജിത്ത് കുമാർ, സിഡബ്ല്യുഎസ് വിനോദ്, ആർ. പി. എഫ് എസ്ഐ ബിജു, റെയിൽവേ പൊലീസ് എസ്ഐ പി. കെ അക്ബർ എന്നിവർ നേതൃത്വം നൽകി.