മട്ടന്നൂർ : മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണത്തിനായുള്ള ലാൻഡ് പൈലിങ്ങിന് ശേഷം ബേസ്മെന്റ് സ്ലാബ് ജോലികൾ ആരംഭിച്ചു. റോഡിൽ നിന്ന് പാർക്കിങ്, ആശുപത്രി കെട്ടിടം എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫ്ലൈ ഓവറിന്റെ പൈലിങ് കഴിഞ്ഞില്ല. ലാൻഡ് പൈലിങ് ആരംഭിച്ച് 16 മാസം കഴിഞ്ഞിട്ടും പൈലിങ് പൂർത്തിയാകാത്തതിനെ തുടർന്നാണ് ഫ്ലൈ ഓവർ ഭാഗം ഒഴിവാക്കി കെട്ടിട ഭാഗത്തെ പണി ആരംഭിച്ചത്. ഫ്ലൈ ഓവർ ഭാഗത്തെ പൈലിങ് പുരോഗമിക്കുന്നുണ്ട്.
ഇരിട്ടി റോഡിൽ നിന്ന് ആശുപത്രി കെട്ടിടം വരെയുള്ള റോഡ് മോശമായത് സാധനങ്ങൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മഴയത്ത് വാഹനങ്ങൾ കയറാൻ പ്രയാസമാണ്. കോടതിക്ക് സമീപത്താണ് 5 നിലകളിലായി ആശുപത്രി ഒരുങ്ങുന്നത്. 2019 ജൂലൈ മാസത്തിലാണ് മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രി പണിയാൻ അനുമതി ലഭിക്കുന്നതും 71.50 കോടി രൂപ ചെലവഴിക്കുന്നതിന് കിഫ്ബി അംഗീകാരം നൽകുന്നത്. തുടർന്ന് സെപ്റ്റംബറിൽ സംഘാടക സമിതി രൂപീകരിച്ച് ഒക്ടോബറിൽ തറക്കല്ലിട്ടു.പണി ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് കോവിഡും തുടർന്ന് ലോക് ഡൗണും വരുന്നത്.
കോവിഡ് ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂണിൽ മണ്ണ് എടുക്കാൻ ആരംഭിച്ചു. ജൂലൈയിൽ പൈലിങ്ങും 2020 ഒക്ടോബറിൽ സൈറ്റിൽ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പകരം ജോലിക്കാരെ എത്തിച്ച് പണി പുനഃരാരംഭിച്ചു. 20 മീറ്റർ ഓളം ആഴത്തിൽ ആണ് പൈലിങ് ചെയ്തത്. 2021 ജനുവരിയോടെ പൈലിങ് പൂർത്തീകരിച്ച് ഫൗണ്ടേഷൻ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പൈലിങ് വൈകിയതോടെയാണ് പണി ആരംഭിക്കുന്നതും വൈകിയത്.