കണ്ണൂർ:ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപനങ്ങളില്‍ വെക്കണം. പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്. സംസ്ഥാന പൊതുഭരണ വകുപ്പ്, സംസ്ഥാന പരിസ്ഥിതി വകുപ്പ്, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് എന്നിവയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കും. ഇതിനായി എല്ലാ ഓഫീസുകളിലും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഓഫീസുകളിലും ഓഫീസ് പരിസരങ്ങളിലും ചവറുകള്‍ കത്തിക്കരുത്. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് അതത് ഹരിത കര്‍മ്മ സേനകള്‍ക്ക് കൈമാറണം. ഭക്ഷണാവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യ സംസ്‌കരണത്തിനായി റിങ്ങ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് ടാങ്കുകള്‍ സ്ഥാപിക്കണം. ഓഫീസ് സമുച്ചയങ്ങളില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവ കമ്പോസ്റ്റ് സംവിധാനം വേണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണം. ഓഫീസ് മേധാവികളുടെ നേതൃത്വത്തില്‍ കോ- ഓഡിനേഷന്‍ കമ്മറ്റി രൂപീകരിച്ച് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഇ-മാലിന്യങ്ങള്‍, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹായം തേടാം. കഴിയാവുന്ന ഓഫീസ് പരിസരങ്ങളില്‍ പൂച്ചെടികള്‍ നടണമെന്നും നിര്‍ദ്ദേശമുണ്ട്.