• Sat. Jul 27th, 2024
Top Tags

മഴപെയ്താൽ കുയ്യാലിയിൽ ജീവിതം വെള്ളക്കെട്ടിൽ.

Bydesk

Dec 4, 2021

തലശ്ശേരി : വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുകയാണ് കുയ്യാലി നിവാസികൾ. മഴ ഒന്നു കനത്തു പെയ്താൽ പ്രദേശത്ത് വെള്ളം കയറി ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയാണ് നിലവിൽ. ചേറ്റംകുന്ന് വാർഡിലാണ് കുയ്യാലി പ്രദേശം.‍ നഗരമധ്യത്തിലെ ഇൗ പ്രദേശത്ത് എല്ലാ മഴക്കാലത്തും കടകളിലും വീടുകളിലും വെള്ളം കയറി വലിയ നാശനഷ്ടമാണുണ്ടാവുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു ഫലപ്രദമായ നടപടികളൊന്നും ഉണ്ടാവുന്നില്ല.

രണ്ടു ഭാഗത്തും ചതുപ്പ് നിലങ്ങളാണ്. അതിന് മധ്യത്തിലൂടെയാണ് റോഡ്.‍ ഇവിടെ ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും ഉണ്ട്. ശക്തമായ മഴ പെയ്താൽ അരയോളം വെള്ളമാണ്. കാൽനടയാത്രയും വാഹന യാത്രയും ഒരുപോലെ ദുഷ്കരമാവും. കുയ്യാലി പാലത്തിന് അക്കരെ റിവർസൈഡ് എൻക്ലേവ് ഭാഗത്ത് വേലിയേറ്റ സമയത്തും പുഴയിലെ വെള്ളം റോഡിലേക്ക് കയറും.

കുയ്യാലി മുതൽ കൊടുവള്ളി പാലം വരെയുള്ള തോട് ആഴം കൂട്ടി ശാസ്ത്രീയമായ രീതിയിൽ പുതുക്കി പണിതു വെള്ളം ഒഴുക്കിവിട്ടാൽ കുയ്യാലിയിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അടുത്ത മഴക്കാലത്തിന് മുൻപ് എങ്കിലും നഗരഭരണാധികാരികൾ ഇക്കാര്യത്തിൽ സത്വരമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *