ഉരുവച്ചാൽ : നെല്ലൂന്നി വളവിൽ അപകടം പതിവാകുന്നു. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാലാണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം നെല്ലൂന്നി പള്ളിക്ക് മുന്നിൽ നിയന്ത്രണം വിട്ട ലോറി അപകടത്തിൽപെട്ടു. നെല്ലൂന്നി പള്ളിയുടെ മതിലും 3 വൈദ്യുതി തൂണുകളും തകർന്നു. 3 വ്യാപാര സ്ഥാപനങ്ങൾക്ക് കേട് പാട് സംഭവിച്ചു. കർണാടകയിൽ നിന്നു തലശ്ശേരിയിലേക്കു പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിയുടെ മുൻഭാഗം തകർന്നെങ്കിലും ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എതിരെ വന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തെറിപ്പിച്ച് കടവരാന്തയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വൈദ്യുതി ലൈനുകൾ റോഡിലേക്ക് ചിതറി. സമീപത്തെ പഴയ പള്ളിയുടെ ഒരു ഭാഗം തകർന്നു. ഉഗ്രശബ്ദം കേട്ട് എത്തിയ പരിസരവാസികൾ മറ്റ് വാഹനങ്ങൾ വൈദ്യുതി ലൈനിൽ തട്ടാതിരിക്കാനും മറ്റുമായി രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി. അടുത്തിടെ നെല്ലൂന്നി മേഖലയിൽ ഒട്ടേറെ അപകടങ്ങളാണ് നടന്നത്.
അപകടത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏതാനും ദിവസം മുൻപ് രാത്രിയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മദ്രസ പരിസരമായ സ്ഥലത്ത് മുൻപ് അപകടങ്ങൾ നടന്നതോടെ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കാൻ നാട്ടുകാരുടെ ചെലവിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. ആ ബോർഡ് കോവിഡ് കാലത്ത് നിയന്ത്രണം കർശനമാക്കുന്നതിനു പൊലീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.
അത് പിന്നീട് നെല്ലൂന്നിയിൽ എത്തിക്കാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. റോഡ് നവീകരിച്ചതിനാൽ വാഹനങ്ങൾ കൂടിയ വേഗത്തിൽ ആണ് പോകുന്നത്. വേഗ നിയന്ത്രണത്തിനു മുന്നറിയിപ്പ് ബോർഡ് ഇല്ല. നെല്ലൂന്നി മേഖലയിൽ അപകടം തുടർക്കഥ ആകുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.