• Sun. Sep 8th, 2024
Top Tags

അറവുമാലിന്യമുക്തമാകാൻ കണ്ണൂർ.

Bydesk

Dec 6, 2021

കണ്ണൂർ : കണ്ണൂരിനെ അറവുമാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാൻ കർശന നടപടികളുമായി ജില്ലാഭരണ സംവിധാനം. നാലുവർഷം മുമ്പാരംഭിച്ച പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ  പരിശോധനകൾ കർശനമാക്കി. മറ്റുജില്ലകളിലേക്ക്‌ അറവുമാലിന്യം കടത്തിയ വാഹനത്തെയും ഉടമകളെയും കസ്‌റ്റഡിയിലെടുത്തു.  റോഡരികിലും നീർച്ചാലുകളിലും പുഴകളിലും കോഴിമാലിന്യം തള്ളുന്നത്‌ ജീവന്‌ ഭീഷണിയായതോടെയാണ്‌ നടപടികൾ കർശനമാക്കിയത്‌.

ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളിലായി 1204 കോഴിവിൽപന ശാലകളുണ്ട്‌. ഒരു ദിവസം 33 ടൺ  മാലിന്യമാണ്‌ ഇവിടങ്ങളിൽനിന്നുണ്ടാകുന്നത്‌.  ഭൂരിഭാഗം കടകൾക്കും മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഇല്ല.  ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ മട്ടന്നൂരിലും പാപ്പിനിശേരിയിലും സംസ്‌കരണ പ്ലാന്റുകൾ ആരംഭിച്ചത്‌.

തദ്ദേശസ്ഥാപനങ്ങൾ ചിക്കൻ സ്‌റ്റാളുകൾക്ക്‌ ലൈസൻസ്‌ കൊടുക്കുമ്പോൾ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ടോയെന്ന്‌ ഉറപ്പുവരുത്തണം.  മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ചിക്കൻ സ്റ്റാളുകൾക്ക് ലൈസൻസ് ലഭിക്കില്ല.  ഇതൊഴിവാക്കാനാണ് കേന്ദ്രീകൃത കോഴിമാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാൻ സർക്കാർ നിർദ്ദേശിച്ചത്.  ഇതിന്റെ ഭാഗമായാണ്‌ ആധുനിക ഡ്രൈ റെന്ററിങ്‌ പ്ലാന്റുകൾ ജില്ലയിൽ ആരംഭിച്ചത്‌.

കോഴിമാലിന്യം സംസ്‌കരിച്ച്‌ നായ, പൂച്ച, മത്സ്യം എന്നിവയ്‌ക്ക്‌ തീറ്റ നൽകും. അനധികൃതമായി മാലിന്യം കടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി.  മാലിന്യക്കടത്ത്‌ തടയുന്നതിനായി സംസ്‌കരണ പ്ലാന്റുകളിലെത്തിക്കുന്ന വാഹനങ്ങൾക്ക്‌  ജിപിഎസ്‌ ഘടിപ്പിച്ചു. തലശേരി, പന്ന്യന്നൂർ, ന്യൂമാഹി, എരഞ്ഞോളി, കതിരൂർ  മേഖലകളിൽ പ്രവർത്തിക്കുന്ന  കോഴി കടകളിൽനിന്ന്‌  മാലിന്യങ്ങൾ വൻ തുക ഈടാക്കി കടത്തുന്ന സംഘത്തെ കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടികൂടി.  മാലിന്യങ്ങൾ  കാസർകോട്‌ ജില്ലയിലെ ഒഴിഞ്ഞ പ്രദേശങ്ങളിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയാണ്‌. കോഴിമാലിന്യം അനധികൃതമായി ശേഖരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ എസ്‌ ചന്ദ്രശേഖർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *