• Sat. Jul 27th, 2024
Top Tags

സിപിഎമ്മിൽ നിന്നു പോയവർക്ക് വിമർശനവും താക്കീതുമായി തളിപ്പറമ്പിൽ പൊതുയോഗം.

Bydesk

Dec 6, 2021

തളിപ്പറമ്പ് : പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുള്ള സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വവും ജില്ലാ സെക്രട്ടറിയും. എന്നാൽ തെറ്റ് തിരുത്തി മുരളീധരന് തിരിച്ച് വരാമെന്നും ഇനിയും സമയം വൈകിയിട്ടില്ലെന്നുമുള്ള ഓർമപ്പെടുത്തലാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ. പി ജയരാജനും മന്ത്രി എം. വി ഗോവിന്ദനും സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യുവും നൽകിയത്. പക്ഷേ വീടിനുനേരെ ചെരിഞ്ഞാൽ സ്വർണം കായ്ക്കുന്ന മരമാണെങ്കിലും മുറിച്ചുമാറ്റണമെന്നാണ് എം. വി ജയരാജൻ പറഞ്ഞത്. കോമത്ത് മുരളീധരനെ പേര് പറയാതെ അതിരൂക്ഷമായി ആക്ഷേപിച്ചാണ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ യോഗത്തിന് തുടക്കം കുറിച്ചത്.

യോഗത്തിൽ അധ്യക്ഷത വഹിച്ച ഏരിയ സെക്രട്ടറി കെ സന്തോഷ് 35 വർഷമായി സിപിഎമ്മിൽ പ്രവർത്തിച്ച കോമത്ത് മുരളീധരന് ഒരു വർഷം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ സംഘടനാ വിവരം പോലും ഇല്ലാത്ത അവസ്ഥയാണന്നാണ് പറഞ്ഞത്. സിപിഎമ്മിന് അവകാശപ്പെട്ട സ്ഥലത്ത് സിപിഐ സ്ഥാപിച്ച പതാക മാറ്റിയില്ലെങ്കിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറ്റുമെന്നും കെ.സന്തോഷ് പറഞ്ഞു. എന്നാൽ സിപിഎം ആരെയും നശിപ്പിക്കാറില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യാറെന്നും യോഗം ഉദ്ഘാടനം ചെയ്ത ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണ്.

അത്തരത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തും. ഇവർ എന്തിനാണ് സിപിഐയിൽ പോയതെന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ളവർ സിപിഐയിൽ പോയാൽ അവരും കുഴപ്പത്തിലാകും. ഇവർക്ക് തെറ്റ് തിരുത്തി പോകാനുള്ള സാഹചര്യം ഉണ്ട്. തളിപ്പറമ്പിലെ കാര്യങ്ങൾ വളരെ നിസ്സാരമാണ്. ഇവർ വികാരപരമായി ചിന്തിക്കാതെ തിരിച്ച് വരും എന്ന് തന്നെയാണ് തോന്നുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞത്.

1970 മുതൽ തനിക്ക് മാന്ധംകുണ്ടിലെ രാഷ്ട്രീയം അറിയാമെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കാൻ പാർട്ടി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജയിംസ് മാത്യുവും പുറത്ത് പോയവർ തിരിച്ച് വരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ 2020 ഡിസംബറിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ മുരളീധരൻ ഒരു പാർട്ടി അംഗത്തെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞെന്നും ഈ വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ തെറ്റ് പറ്റിയെന്ന് പറഞ്ഞെങ്കിലും ഏരിയ സെക്രട്ടറിയെയും മുരളീധരൻ അധിക്ഷേപിച്ചെന്നും എം.വി.ജയരാജൻ പറഞ്ഞു.

തെറ്റ് പറ്റിയാൽ അത് അംഗീകരിക്കുകയാണ് സിപിഎം പ്രവർത്തകൻ ചെയ്യേണ്ടത്. ഇനി സിപിഐയിലേക്ക് പോയാൽ ആ പാർട്ടിയിലുള്ളവരെയും കയ്യേറ്റം ചെയ്തെന്ന് വരാം. അത് നമ്മുടെ സഹോദര പാർട്ടി ആയതിനാൽ അങ്ങനെ ആഗ്രഹിക്കാൻ പാടില്ല. ഇതേ പാർട്ടി ഭരണ ഘടന തന്നെയാണ് അവിടെയും ഉള്ളതെന്ന് മനസ്സിലാക്കണം. മുരളിക്കൊപ്പം പോയെന്ന് പറഞ്ഞ പലരും തിരിച്ച് വരുമെന്ന് പറഞ്ഞിട്ടുണ്ട്. എംവിആറും ഗൗരിയമ്മയും തിരിച്ച് വന്ന പാർട്ടിയാണിത്.

വയൽക്കിളി സുരേഷ് കീഴാറ്റൂരും സിപിഎമ്മുമായി സഹകരിച്ച് തുടങ്ങി. പാർട്ടി ഒരാളെയും പുറത്ത് കളയില്ലെന്നും ഇപ്പോൾ എല്ലാവരും സിപിഎമ്മിലേക്ക് തിരിച്ച് വരുന്ന കാലമാണെന്നും മുരളി വെറുതെ മിനക്കെടേണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു. നോർത്ത് ലോക്കലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ശക്തമായ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *