കൂത്തുപറമ്പ് : ബ്രിട്ടിഷുകാർ ജയിലിനായി നിർമിച്ച കെട്ടിടം അതേപടി പുതിയ സ്പെഷൽ സബ്ജയിലിന്റെ ഭാഗമാക്കുന്നു. ഓട് മേഞ്ഞ പഴയ മേൽക്കൂരയ്ക്ക് പകരം ഷീറ്റ് പാകി പുതുക്കുന്ന ജോലി പുരോഗമിക്കുകയാണ്. കൂത്തുപറമ്പിൽ സ്പെഷൽ സബ് ജയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചുറ്റുമതിലിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മറ്റ് പ്രവൃത്തികളും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
മജിസ്ട്രേട്ട് കോടതി കെട്ടിടത്തിന്റെ ഒരു ഭാഗമാണ് അന്ന് സബ് ജയിലായും പൊലീസ് സ്റ്റേഷൻ മുറിയായും പ്രവർത്തിച്ചത്. 1970 വരെ കൂത്തുപറമ്പിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു കാലം സർക്കിൾ ഇൻസ്പെക്ടർ ഓഫിസായിരുന്ന ഈ കെട്ടിടം പൊളിക്കാതെ നിലനിർത്താനും സബ് ജയിലിന്റെ ഭാഗമാക്കാനുമാണ് തീരുമാനം. അടിയന്തരാവസ്ഥയിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പ് ചെയ്ത മുറിയും ഇതിന്റെ ഭാഗമായി സംരക്ഷിക്കപ്പെടും.
അടുത്ത ദിവസം തന്നെ അനുബന്ധ കെട്ടിട നിർമാണവും തുടങ്ങും. 3 കോടി 30 ലക്ഷം രൂപ ചെലവിട്ടാണ് സബ് ജയിൽ നിർമാണം. മാർച്ച് അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം. 6 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന സുരക്ഷാ ഭിത്തിയുടെ നിർമാണമാണ് ഏതാണ്ട് പൂർത്തിയാക്കിയത്. കെട്ടിട നിർമാണം ആരംഭിച്ചതായി കോൺട്രാക്ടർ അനീസ് പറഞ്ഞു. രണ്ട് നില അടുക്കളയുടെയും ശുചിമുറി ബ്ലോക്കിന്റെയും പ്രവൃത്തിയാണ് ആരംഭിച്ചത്. 2020 ഫെബ്രുവരി 8ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സബ് ജയിലിന് തറക്കല്ലിട്ടത്.