• Mon. Sep 9th, 2024
Top Tags

ബാർബർ ഷോപ്പുകാർക്കും ബ്യൂട്ടിപാർലറുകാർക്കും കോളടിച്ചു , തലമുടിക്ക് കേരളത്തിൽ പൊന്നുംവില.

Bydesk

Dec 7, 2021

കണ്ണൂര്‍ :   വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിന്‍ വിലയുണ്ടാവുന്ന കാലം വരുന്നു. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയില്‍ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ നാടുകാണിയിലെ ‘വിരാട്’ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് എട്ട് കോടി ചെലവില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ മെഷീന്‍ വാങ്ങാന്‍ 37 ലക്ഷം രൂപ ഓസ്ട്രേലിയന്‍ കമ്ബനിക്ക് കൈമാറി.

സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും സംരംഭമാണിത്. പൂനെയിലെ പ്ലാന്റില്‍ വര്‍ഷം 200 കോടിയുടെ അമിനോ ആസിഡ് വില്പനയാണ് നടക്കുന്നത്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് പദ്ധതിയുടെ ഏകോപനം. ബാ‌ബര്‍ ഷോപ്പുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും മുടി ജില്ലാടിസ്ഥാനത്തില്‍ ശേഖരിച്ച്‌ ഇവിടെ എത്തിച്ച്‌ സംസ്‌കരിക്കും.

അമിനോ ആസിഡ് നിര്‍മ്മാണം മുടിയുടെ പ്രധാന ഘടകമായ ‘കെരാട്ടിന്‍’ എന്ന പ്രോട്ടീന്‍ വേര്‍തിരിച്ചാണ് നിര്‍മ്മാണം. കെരാട്ടിനില്‍ 18 അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. 400 ഡിഗ്രിയില്‍ മുടി ചൂടാക്കും. ഇത് വെള്ളവുമായി ചേര്‍ക്കും. അപ്പോള്‍ പെപ്റ്റൈഡ് ദ്രാവകം ഉണ്ടാകും. അത് മൂന്ന് തരത്തിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ അമിനോ ആസിഡ് ആക്കി മാറ്റും. ഒരു കിലോ മുടിയില്‍ നിന്ന് ഒരു ലിറ്റര്‍ വരെ അമിനോ ആസിഡ് നിര്‍മ്മിക്കാം. ലിറ്ററിന് 300 – 400 രൂപയാണ് വില.

ഉപയോഗം; അമിനോ ആസിഡ് കാര്‍ഷിക വളമാണ്. വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ക്കും ചെടികള്‍ക്കും തളിക്കാം. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്ബോള്‍ വളമായും അമിനോ ആസിഡ് ഉപയോഗിക്കാം. മുടി സംസ്‌കരിച്ചുണ്ടാകുന്ന കരിയും വളമാണ്. ഗള്‍ഫിലും യൂറോപ്പിലും പദ്ധതി വിജയമാണ്.

മുടി ശേഖരണം എങ്ങനെ

👉 ബാര്‍ബര്‍ ഷോപ്പുകളിലെ മുടി വര്‍ഷം 800 ടണ്‍

👉 ബാര്‍ബര്‍ ഷാപ്പുകള്‍ …26,000

👉 ബ്യൂട്ടിപാര്‍ലറുകള്‍ ….12,000

👉 ഓരോ ജില്ലയിലും മുടി ശേഖരിക്കാന്‍ കളക്‌ഷന്‍ സെന്ററുകള്‍.

👉 മാസത്തിലോ 15 ദിവസം കൂടുമ്ബോഴോ കണ്ണൂരിലെ കേന്ദ്രത്തില്‍ എത്തിക്കും.

👉 ലൈസന്‍സ് നിര്‍ബന്ധം

ബാര്‍ബര്‍ഷോപ്പുകള്‍ക്കും ബ്യൂട്ടീഷന്‍ കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാക്കും. കണ്ണൂരിലെ പ്ലാന്റിലേക്ക് മുടി നല്‍കുന്നുവെന്ന സാക്ഷ്യപത്രം ഹാജരാക്കണം. മുടി ശേഖരിക്കാന്‍ ജി. പി. എസ് നിരീക്ഷണമുള്ള വണ്ടി സജ്ജീകരിക്കും. മുടി നല്‍കാന്‍ യൂസര്‍ ഫീസും നിശ്ചയിക്കും.

‘മുടി എടുക്കാന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം ഉണ്ടാവും. വിദേശത്ത് നിന്ന് മെഷീനുകള്‍ വരും മാസങ്ങളില്‍ എത്തും. ഇത് മാതൃകാ പദ്ധതിയാവും’.

ഡോ.പി.വി. മോഹനന്‍

ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *