കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് മൂന്നുവയസ്സ് തികയുമ്പോഴും വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട വിശാല പാതകളുടെ സ്ഥാനം കടലാസിൽത്തന്നെ. കോവിഡ് മഹാമാരി വിമാനത്താവള റോഡ് വികസനത്തിന്റെയും വേഗം കുറച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. പ്രഖ്യാപിക്കപ്പെട്ട ആറ് റോഡുകളിൽ ചൊറുക്കള-നണിച്ചേരിക്കടവ്-മയ്യിൽ-കൊളോളം-മട്ടന്നൂർ റോഡിന്റെ സ്ഥലമെടുപ്പിന്റെ നടപടികൾ മാത്രമാണ് തുടങ്ങിയത്.
തലശ്ശേരിയിൽനിന്ന് മട്ടന്നൂരിലേക്കുള്ള നിലവിലുള്ള റോഡ് നാലുവരി പാതയാക്കാനായിരുന്നു നിർദേശം. 22 കിലോമീറ്റർ നീളത്തിൽ 24 മീറ്റർ വീതിയിലുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിരേഖ ഇനിയും തയ്യാറായിട്ടില്ല. കൊടുവള്ളി-അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡ് വികസനത്തിന്റെ കാര്യത്തിൽ അലൈൻമെന്റ് നിശ്ചയിച്ച് രൂപരേഖ നൽകിയെങ്കിലും സ്ഥലമെടുപ്പ് നടപടികൾ മുന്നോട്ടുനീങ്ങിയിട്ടില്ല.
മാനന്തവാടി-ബോയ്‌സ് ടൗൺ-അമ്പായത്തോട്-കേളകം-മണത്തണ-പേരാവൂർ-ശിവപുരം- മട്ടന്നൂർ വരെയുള്ള 58 കിലോമീറ്റർ റോഡിന്റെയും വിശദ പദ്ധതിരേഖ തയ്യാറായിട്ടില്ല. കേളകം ടൗണിലെ കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ അലൈൻമെന്റിൽ മാറ്റംവേണമെന്ന നിർദേശം അംഗീകരിച്ചിട്ടുണ്ട്. മഞ്ഞളാംപുറം യു.പി. സ്കൂൾമുതൽ കേളകം വില്ലേജ് ഓഫീസ് വരെയുള്ള സ്ഥലത്ത് ബൈപ്പാസാണ് പകരം നിർദേശം. പുതിയ നിർദേശംകൂടി പരിഗണിച്ചുകൊണ്ട് വിശദ പദ്ധതിരേഖ തയ്യാറാക്കണം.
മാനന്തവാടിമുതൽ അമ്പായത്തോടുവരെ മലയോര ഹൈവേയുടെ ഭാഗമായാണ് നിർമിക്കുക. ചുരത്തിൽ രണ്ടുവരി മാത്രമാണുണ്ടാവുക. റോഡിന്റെ അലൈൻമെന്റ് നിശ്ചയിച്ച് സർവേ റിപ്പോർട്ടും രൂപരേഖയും റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് നൽകിയിട്ടുണ്ട്. നാദാപുരം-പെരിങ്ങത്തൂർ-പാനൂർ-പൂക്കോട്-കൂത്തുപറമ്പ് വഴി മട്ടന്നൂരിലേക്കുള്ള റോഡിന്റെ സർവേ നടപടികൾ പൂർത്തിയായെങ്കിലും മറ്റ് നടപടികളായിട്ടില്ല.
മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് കേന്ദ്ര ഉപരിതലമന്ത്രാലയം ദേശീയപാതയായി തത്ത്വത്തിൽ അംഗീകരിച്ചതാണ്. ചൊവ്വമുതൽ മട്ടന്നൂർവരെ 17 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ പൊതുമരാമത്തുവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ദേശീയപാതയായിത്തന്നെ അത് വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് ആദ്യത്തെ പദ്ധതി മാറ്റിവെക്കുകയായിരുന്നു. പിന്നീട് ദേശീയപാതാ അതോറിറ്റി സർവേയും പഠനവും നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
കണ്ണൂർ വിമാനത്താവള വികസനത്തിന് ഏറ്റവും ആവശ്യമായ മേലേചൊവ്വ-മടിക്കേരി പാതയുടെ വികസനത്തിന് സ്ഥലമെടുപ്പ് വെല്ലുവിളിയാവുമെന്നതിനാലാവാം നടപടിയിൽ മെല്ലെപ്പോക്കാണ്. ഫലത്തിൽ ഏറ്റവും ഒടുവിൽ നടപടി തുടങ്ങിയ ചൊറുക്കള-നണിച്ചേരി-മയ്യിൽ-കൊളോളം-മട്ടന്നൂർ റോഡ് വികസന പദ്ധതി മാത്രമാണ് വിമാനത്താവളത്തിന്റെ മൂന്നാം വാർഷികമാവുമ്പോഴേക്കും സ്ഥലമെടുപ്പിനടുത്തുവരെയെത്തിയത്. പയ്യന്നൂർ ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് ഏറെ സൗകര്യമാവും ഈ പാത. 13.6 മീറ്റർ വീതിയിൽ രണ്ടുവരി പാതയാണിത്. 22.5 കിലോമീറ്ററാണ് റോഡിന്റെ നീളം. 7.2 ഹെക്ടർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്.
റോഡ് വികസനപദ്ധതിക്ക് 291 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചുകഴിഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി മൂന്നുവർഷം പിന്നിടുമ്പോൾ വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ മുഖം മാറുന്നു. മൂന്നുവർഷത്തിനിടയിൽ ഒട്ടേറെ ഹോട്ടലുകളും വൻകിട വ്യാപാരസ്ഥാപനങ്ങളും ഉയർന്നു. വിമാനത്താവളം തുറന്നതോടെ നഗരത്തിലെത്തുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. റോഡ്, വാഹന പാർക്കിങ് സൗകര്യങ്ങൾ ഇതനുസരിച്ച് മെച്ചപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ബ്രാൻഡുകളടക്കം ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നഗരസഭയുടേത് ഉൾപ്പടെ നിരവധി വ്യാപാരസമുച്ചയങ്ങളും ഉയർന്നു.
മട്ടന്നൂരിൽ താമസസൗകര്യങ്ങളുടെ അപര്യാപ്തത വിമാനത്താവള ഉദ്ഘാടനത്തിന് മുൻപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പൂർണ പരിഹാരമായിട്ടില്ലെങ്കിലും ഒട്ടേറെ ഹോട്ടലുകൾ അടുത്തകാലത്ത് മട്ടന്നൂരിൽ തുറന്നിട്ടുണ്ട്. ഗ്രാമപ്രദേശമായ വെള്ളിയാംപറമ്പിൽ രണ്ടുവർഷമായി പ്രവർത്തിക്കുന്നതാണ് ഗ്രീൻ പ്ലാനറ്റ് റിസോർട്ട്, തലശ്ശേരി റോഡിലെ നെല്ലൂന്നിയിൽ ഫോർച്യൂൺ അവന്യു, മട്ടന്നൂരിലെ ലാ സെറീൻ, പത്തൊമ്പതാം മൈലിലെ നസ്‌മാസ് പാലസ്, വിമാനത്താവളത്തിനടുത്ത് കല്ലേരിക്കരയിലെ ഹോട്ടൽ വിത്ത് ഇൻ തുടങ്ങിയവ അടുത്തകാലത്ത് തുറന്ന ഹോട്ടലുകളാണ്.
ഒട്ടേറെ ചെറുകിട ഹോട്ടലുകളും ഹോം സ്റ്റേകളും മട്ടന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. കോവിഡ് പ്രതിസന്ധിയാണ് കൂടുതൽ സംരംഭങ്ങൾ വരുന്നതിന് തടസ്സമായത്. എം.എ. യൂസഫലി ഉൾപ്പെടെ പ്രമുഖർ വിമാനത്താവളത്തിന് സമീപത്തായി ഹോട്ടൽ സംരംഭങ്ങൾ തുടങ്ങുന്നുണ്ട്. വിമാനത്താവള കവാടത്തിനടുത്തുതന്നെയാണ് ലുലു ഗ്രൂപ്പിന്റെ ഹോട്ടൽ വരുന്നത്.