• Sat. Jul 27th, 2024
Top Tags

ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ പഴയ കെട്ടിടം ജനങ്ങൾക്ക് ഭീഷണി.

Bydesk

Dec 8, 2021

തളിപ്പറമ്പ് : നഗരത്തിലെ ഏറ്റവും തിരക്കേറിയ കോടതി റോഡിൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ റോഡിനോട് ചേർന്നുള്ള പഴയ കെട്ടിടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കോടതികൾ, പൊലീസ് സ്റ്റേഷൻ, നഗരസഭ, സെന്റ് മേരീസ് പള്ളി എന്നിവയിലേക്ക് പോകുന്ന റോഡരികിലുള്ള പഴയ ഹോട്ടൽ കെട്ടിടമാണ് അത്യന്തം അപകട ഭീഷണിയുയർത്തുന്നത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓടുകൾ ഓരോന്നായി ഊർന്നുതിരക്കേറിയ റോഡിലെ നടപ്പാതയിലേക്ക് വീഴാറായ അവസ്ഥയിലാണ്.

കോടതിയിലേക്കും ഇവിടെയുള്ള പാരലൽ കോളജിലേക്കുമായി നൂറുകണക്കിന് വിദ്യാർഥികളും ആളുകളും നടന്നുപോകുന്ന നടപ്പാതയാണിത്. കെട്ടിടത്തിന്റെ അപകടാവസ്ഥ അറിയുന്നവർ ഇപ്പോൾ ഇതിന് മുൻപിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ്. എന്നാൽ അപകടമറിയാതെ ഇതു വഴി പോകുന്നവരുടെ ദേഹത്തേക്ക് ഓട് വീഴുന്നു. കെട്ടിട ഉടമകൾ തമ്മിലുള്ള തർക്കം നിമിത്തമാണത്രേ തളിപ്പറമ്പിലെ ആദ്യകാല ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കാത്തത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഇതിന്റെ അപകടാവസ്ഥ വർധിക്കുന്നു.

കെട്ടിടം റോഡിന്റെ ഭാഗത്തേക്ക് ചെരിയുന്ന അവസ്ഥയുമുണ്ട്. റോഡിനോട് ചേർന്ന് ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന് റവന്യു, നഗരസഭ അധികൃതർ പലപ്പോഴും ആവശ്യപ്പെടുന്നതാണ്. എന്നാൽ നഗരസഭ അധികൃതർ നിരവധി തവണ കടന്ന് പോകുന്ന വഴിയിലാണ് ഇത്തരത്തിലുള്ള അപകട ഭീഷണി നിലനിൽക്കുന്നത്. കെട്ടിടം പൊളിച്ച് നീക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെയുള്ള നടപ്പാതയിൽ നഗരസഭയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *