കണ്ണൂർ : സംസ്ഥാനത്ത് അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ള 16നും 59നും മധ്യേ പ്രായമുള്ള പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരും ആദായ നികുതി പരിധിയില്‍ വാരാത്തവരുമായ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്ക് നല്‍കിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷന്‍ നടത്താം. ഇതിന് www.eshram.gov.in സന്ദര്‍ശിച്ചാല്‍ മതി.
ഇതിനു പുറമെ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും പൂര്‍ണമായും സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താം. ഇതിന് വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.
ആധാര്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ഫോണ്‍ വഴി തൊഴിലാളികള്‍ക്ക് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാനുമാകും. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31-നകം പൂര്‍ത്തിയാക്കണം രാജ്യത്ത് അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോര്‍ട്ടലില്‍ സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31-നകം പൂര്‍ത്തിയാക്കണം.