• Mon. Sep 9th, 2024
Top Tags

തളിപ്പറമ്പിനു പിന്നാലെ കണ്ണൂരിലും; പാർട്ടി വിടുന്നവരെ സിപിഐ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു: എതിർപ്പുമായി എം.വി.ജയരാജൻ.

Bydesk

Dec 9, 2021

കണ്ണൂർ∙ സിപിഎം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നു. മുൻ ലോക്കൽ സെക്രട്ടറി ടി.എം.ഇർഷാദ്, തായത്തെരു സെന്റർ ബ്രാഞ്ച് മുൻ സെക്രട്ടറി പി.കെ.ഷംസീർ എന്നിവരുടെ നേതൃത്വത്തിലാണ് പത്തിലേറെ പേർ സിപിഐയിൽ ചേർന്നത്. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തായത്തെരുവിലെ മറ്റു പ്രവർത്തകരും വരും ദിവസങ്ങളിൽ സിപിഐയിൽ ചേരുമെന്നാണു വിവരം.

തളിപ്പറമ്പിൽ പാർട്ടി അച്ചടക്ക നടപടിക്കു വിധേയനായ കോമത്ത് മുരളീധരനും കൂട്ടരും സിപിഐയിൽ ചേക്കേറിയതിനു പിന്നാലെയാണ് കണ്ണൂരിലും സിപിഎം പ്രവർത്തകർ ആ വഴി പിന്തുടരുന്നത്. പാർട്ടി വിടുന്നവരെ സിപിഐ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സിപിഎം വിട്ടവരെ സിപിഐ സ്വീകരിക്കുന്നത്. സിപിഎം അച്ചടക്ക നടപടിയെടുത്തു പുറത്താക്കുന്നവരെ സിപിഐ സ്വീകരിക്കുന്നതു രാഷ്ട്രീയ മര്യാദയല്ലെന്ന് എം.വി.ജയരാജൻ പരസ്യമായി സൂചിപ്പിച്ചിരുന്നു.

സിപിഐ അച്ചടക്ക നടപടിയെടുത്തു പുറത്താക്കിയവരെ സിപിഎം സ്വീകരിക്കുന്നതു പോലെ കണ്ടാൽ മതിയെന്ന നിലപാടായിരുന്നു സിപിഐക്ക്. ആ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുന്നു എന്നതിന്റെ തെളിവു കൂടിയായി പുതിയ തീരുമാനം. ജില്ലാ സമ്മേളനം അടുത്ത ദിവസം തുടങ്ങാനിരിക്കെ പാർട്ടി പ്രവർത്തകർ സിപിഐയിലേക്കു പോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമായി. നേരത്തേ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സിപിഎം വിട്ടവരെ പാർട്ടിയിലേക്കു സ്വീകരിച്ചതെന്ന നിലപാടാണ് സിപിഐക്ക്.

മുൻ ലോക്കൽ സെക്രട്ടറി ടി.എം.ഇർഷാദിനെയും ടി.വി.വിനോദിനെയും ഒഴിവാക്കി ഔദ്യോഗിക വിഭാഗം 13 പേരടങ്ങിയ പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചതിനെ ചൊല്ലിയായിരുന്നു പ്രശ്നം. ഇതിൽ പ്രതിഷേധിച്ച്, പാർട്ടിക്ക് തങ്ങളെ വേണ്ടെങ്കിൽ തങ്ങൾക്കും വേണ്ടെന്ന നിലപാട് സ്വീകരിച്ച ഇർഷാദ് ഉൾപ്പെടെ 5 പേരാണ് സമ്മേളനം വിട്ടിറങ്ങിയത്.

വിനോദ് ലോക്കൽ കമ്മിറ്റിയിലോ ഇറങ്ങിപ്പോയവരിലോ ഉൾപ്പെട്ടതുമില്ല.സമ്മേളനത്തിൽ അച്ചടക്കം ലംഘിച്ചതിന് സിപിഎം ഏരിയ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നെങ്കിലും പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നവർ നൽകിയിരുന്നില്ലെന്നാണു വിവരം. അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി വേണമെന്ന് ലോക്കൽ നേതൃത്വം ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടയിലാണ് അനുരഞ്ജനത്തിനു തയാറാവാതെ ഇർഷാദും കൂട്ടരും സിപിഐയിൽ ചേർന്നത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറും നേതാക്കളും ഇർഷാദിനെയും ഷംസീറിനെയും മറ്റു    പ്രവർത്തകരെയും സ്വീകരിച്ചു. സിപിഐ നേതാക്കളായ സി.പി.സന്തോഷ് കുമാർ, എൻ.ഉഷ, വെള്ളോറ രാജൻ, കെ.വി.പ്രശോഭ് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *