കുനൂര്‍: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില് ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഹെലികോപ്റ്റര്‍ അപകടത്തില്പ്പെടുന്നതിന് മുന്പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോര്ഡര്‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില് പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. 13 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും. നാളെ അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കും. തുടര്‍ന്ന് കാമരാജ് മാര്‍ഗില്‍ നിന്ന് ദില്ലി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നല്‍കിയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.