പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ പ്രൊഫഷണൽ സ്റ്റിക്കറുകൾ പതിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങിയവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്
മുച്ചക്ര വാഹനങ്ങൾ, സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ എന്നിവയിലടക്കം തോന്നുംപടി സ്റ്റിക്കറുകൾ പതിക്കുന്നുണ്ട്. മാദ്ധ്യമ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്റ്റിക്കറുകളാണ് വ്യാജൻമാർ കൂടുതലായി ഉപയോഗിക്കുന്നത്.
ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം എന്നതാണ് ഇവർക്ക് സഹായകരമാവുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവയുടെ തിരുനെറ്റിയിൽ ‘പ്രസ്’ എന്നെഴുതിയും തെക്കുവടക്ക് പായുന്നവരുണ്ട്!. മാദ്ധ്യമ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇവരിൽ പലരും.
മലയോര മേഖലയിലും വ്യാജ പ്രസ് സ്റ്റിക്കർ പതിച്ച നിരവധി വാഹനങ്ങൾ നിരത്തിൽ ഓടുന്നുണ്ട്. ഇതിൽ കൂടുതലും കാറുകളിലാണ് മീഡിയ എന്ന ലേബലിൽ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തനവുമായി ഒരു ബന്ധം പോലുമില്ലാത്ത മറ്റ് ജോലികൾ ചെയ്യുന്നവരാണ് ഇത്തരത്തിൽ കാറുകളിൽ മീഡിയ സ്റ്റിക്കറും പതിപ്പിച്ച് ഓടുന്നത്. പ്രസ് സ്റ്റിക്കറുള്ള വാഹനത്തിൽ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്ഇത്തരം വാഹനങ്ങൾ തടഞ്ഞു നിറുത്തിയാലും ഐഡന്റിറ്റി കാർഡ് പൊലീസ് വിരളമായേ ചോദിക്കാറുള്ളൂ എന്നത് ഇവർക്ക് പ്രചോദനമാണ്
ഋഷിരാജ് സിംഗ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരിക്കെ 2013ൽ ആണ് വാഹനങ്ങളിൽ വ്യാജ സ്റ്റിക്കർ ഒട്ടിക്കുന്നവരെ പിടികൂടാൻ നടപടി തുടങ്ങിയത്. ജില്ലാ പൊലീസ് മേധാവിമാരെ അദ്ധ്യക്ഷരാക്കി നിരീക്ഷണ സമിതികളും സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളും രൂപീകരിക്കാൻ തീരുമാനമുണ്ടായിരുന്നു.പക്ഷേ ഒന്നും പ്രായോഗികമായില്ല