പൊലീസ് സേനയ്‌ക്കെതിരെ തുടർച്ചയായി വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം.
ആറ്റിങ്ങൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ അടക്കം കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. മാത്രവുമല്ല മോൺസൺ മാവുങ്കൽ വിഷയത്തിലും മോഫിയ പർവീണിന്റെ ആത്മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
പോക്‌സോ കേസുകളും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യവും യോഗം വിശദമായി പരിഗണിക്കും.