തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ കുടുങ്ങും. മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താനായി ബസുകളില്‍ പരിശോധന നടത്തും. യാത്രക്കാര്‍ മാത്രമല്ല, ബസിലെ ജീവനക്കാരും മുഖാവരണം ധരിക്കാന്‍ വിമുഖത കാണിക്കുന്നതിനാലാണ് നടപടി.
സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരെയാണ് പരിശോധനയ്ക്കു നിയോഗിക്കുന്നത്. ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോ ദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസുകളില്‍ പരിശോധന നടത്തും. ഇതു കര്‍ശനമായി നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണമെന്നും കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഉത്തരവിട്ടു.
രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതും കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതും കാരണം ബസ് യാത്രികരില്‍ ഒരുവിഭാഗം മുഖാവരണം ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതികള്‍ ലഭിച്ചു. ഒമിക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു പരിശോധന ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.