മട്ടന്നൂർ : കായിക സ്വപ്നങ്ങൾക്ക് കുതിപ്പ് പകരാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മട്ടന്നൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ 2.7 ഏക്കർ സ്ഥലത്ത് അഞ്ചു കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തിന്റെ നിർമാണം. 2019 ഫെബ്രുവരി 28ന് ആണ് നിർമാണ ഉദ്ഘാടനം നടത്തിയത്. 2021 ഫെബ്രുവരിയിൽ ഒന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു.
ഇരിപ്പിടവും ഓഫിസ് കെട്ടിടവും ഒക്കെയാണ് അന്ന് പൂർത്തീകരിച്ചത്. കോർട്ടിന്റെ പണിയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ഗ്രൗണ്ടിൽ പുല്ല് പിടിപ്പിച്ച്, ചുറ്റും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ചുറ്റും ഇന്റർ ലോക്ക് നിരത്തി കഴിഞ്ഞു. ഗാലറിയുടെ നിർമാണവുമായി ബന്ധപ്പെട്ട് മിനുക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത്.
സിന്തറ്റിക് ടർഫോടുകൂടിയ മിനി ഫുട്ബാൾ ഗ്രൗണ്ട്, ഗാലറി, കളിക്കാരുടെ മുറികൾ, ശുചിമുറികൾ തുടങ്ങിയവ അടങ്ങുന്ന പവിലിയൻ മന്ദിരം, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്വിമ്മിങ് പൂൾ, അനുബന്ധ ജലവിതരണ സജ്ജീകരണങ്ങൾ, അനുബന്ധ റോഡിന്റെ നിർമാണം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.