• Sat. Dec 14th, 2024
Top Tags

കണ്ണൂർ ജില്ലയിൽ ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്നത് 3000 ലേറെ പേർ.

Bydesk

Dec 10, 2021

കണ്ണൂർ : ജില്ലയിൽ ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത് മൂവായിരത്തിലേറെപ്പേർ. കോവിഡിനു മുൻപ് ലേണേഴ്സ് ലൈസൻസ് എടുത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ ടെസ്റ്റിന് അവസരം കാത്തിരിക്കുന്നതെന്നു ഡ്രൈവിങ് സ്കൂൾ മേഖലയിലുള്ളവർ പറയുന്നു. കോവിഡ് സാഹചര്യത്തിൽ കേന്ദ്രസർക്കാർ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി നീട്ടിയതിന്റെ സമയപരിധി ഡിസംബർ 31ന് അവസാനിക്കും.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ടെസ്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ ഇനി കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണു നിഗമനം. ഇതോടെ നേരത്തേ ലേണേഴ്സ് എടുത്തവർ ജനുവരിയിൽ വീണ്ടും നേത്ര പരിശോധന നടത്തുകയും ഫീസ് അടയ്ക്കുകയും ചെയ്യേണ്ടിവരും. മാത്രമല്ല, ലേണേഴ്സ് ഫീസ് അടച്ച ശേഷം ഒരു മാസത്തിനു ശേഷമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ എന്നതിനാൽ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിയും വരും.

വിദേശത്തു പോകാനും ജോലി ആവശ്യത്തിനും ലൈസൻസിനു ശ്രമിക്കുന്നവരാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിൽ ദുരിതത്തിലായത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് ഡിസംബർ 31ന് മുൻപ് എല്ലാവർക്കും ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കണമെന്നാണ് ലേണേഴ്സ് നേടി കാത്തിരിക്കുന്നവരുടെ ആവശ്യം.

തോട്ടടയിൽ ഒരു ട്രാക്ക് മാത്രം; ടെസ്റ്റുകളുടെ എണ്ണം കൂട്ടണം;

സബ് ആർടി ഓഫിസുകളുടെ പരിധിയിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് ലൈസൻസ് ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെങ്കിലും കണ്ണൂരിൽ ഓട്ടമേറ്റഡ് ടെസ്റ്റിങ് സംവിധാനമായതിനാൽ എണ്ണം വർധിപ്പിക്കാൻ പ്രയാസമാണ്. ഒരു ട്രാക്ക് മാത്രമാണ് തോട്ടടയിലുള്ളത്. ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 60 ടെസ്റ്റുകളാണ് ഒരു ദിവസം നടത്താൻ കഴിയുക.

മൂന്ന് എംവിഐമാർക്ക് ചുമതല നൽകുന്നുണ്ടെങ്കിലും 100–150 ടെസ്റ്റുകൾ മാത്രമാണ് ഒരു ദിവസം നടത്താൻ സാധിക്കുന്നത്. ഓരോ കേന്ദ്രത്തിലും പ്രതിദിനം 120 പേർ വീതം ലേണേഴ്സ് പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 100–110 പേർ വിജയിക്കുകയും ചെയ്യും. ഇവർക്കുകൂടി അവസരം ലഭിക്കണമെങ്കിൽ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം ഇനിയും വർധിപ്പിക്കേണ്ടിവരും.

പരിവാഹൻ വെബ്സൈറ്റ് വഴിയാണ് ഡ്രൈവിങ് ലൈസൻസിനുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. കോവിഡ് കാലത്ത് ടെസ്റ്റിന് അവസരം ലഭിക്കാത്തവർക്കു കൂടുതൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ പുതിയ അപേക്ഷകരും മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *