കണ്ണൂർ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് സർക്കാർ നിർദേശം. നിലവിൽ തൊഴിലുറപ്പ് പ്രവൃത്തി നടപ്പാക്കുന്ന മേഖലകളിൽതന്നെ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യാം.
ലൈഫ് ഭവന നിർമാണത്തിന് 90 ദിവസത്തെ അവിദഗ്ധ കായിക തൊഴിൽ നൽകൽ, സർക്കാർ സ്കൂളുകളുടെ ചുറ്റുമതിൽ, പാചകപ്പുര, ഭക്ഷണഹാൾ, ശൗചാലയം, കളിസ്ഥലം തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ പ്രവൃത്തികൾ ഏറ്റെടുക്കൽ, ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവ സ്ഥാപിക്കുന്നതിലും മറ്റു ശുചീകരണപ്രവൃത്തികളിലും ഉൾപ്പെടുത്തൽ തുടങ്ങിയവയെല്ലാം തൊഴിലുറപ്പിൽ ഉൾപ്പെടുത്താം.
നവകേരള പദ്ധതിയുമായി സംയോജിച്ച് പ്രവർത്തിക്കൽ, ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പാർക്കുകൾ, കണ്ടൽ ദ്വീപുകൾ, മുളങ്കാടുകൾ എന്നിവയുടെ നിർമാണപ്രവൃത്തി, പാതയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ഫാം ടൂറിസത്തിൽ മാതൃക പ്രദർശന ഫാമുകൾ വികസിപ്പിക്കൽ എന്നിവയും ഉൾപ്പെടുത്തുന്നുണ്ട്.
വനം, വന്യജീവി വകുപ്പിനുകീഴിൽ വനത്തിലെ ജലസംരക്ഷണം, വനവത്കരണം, നഴ്സറികൾ ആരംഭിക്കൽ, ആദിവാസി ഭൂമിയിൽ ഭൂവികസനം, വനപാത നിർമാണം, കോളനികളുടെ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കൽ എന്നിവക്കും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാമെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് ആട്, പന്നി, കോഴിക്കൂടുകൾ, തൊഴുത്ത് എന്നിവ നിർമിക്കൽ, പുല്ലിനങ്ങൾ കൃഷിചെയ്യൽ, ഫിഷറീസ് വകുപ്പിൽ ഉൾനാടൻ ജലസ്രോതസ്സ് പുനരുദ്ധരിച്ച് മത്സ്യകൃഷി നടത്തൽ, തീരപ്രദേശങ്ങളിൽ മത്സ്യം ഉണക്കാൻ യാർഡ് നിർമാണം, കാർഷികമേഖലയിൽ നിലവിെല പ്രവർത്തനങ്ങളെ കൂടാതെ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കൽ തുടങ്ങിയവയാണ് നിർദേശങ്ങളിൽ ചിലത്.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബജറ്റ്, വാർഷിക കർമപദ്ധതി എന്നിവ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇവയെക്കുറിച്ച് വിശദമാക്കുന്നത്. അടുത്ത വർഷത്തേക്കുള്ള തൊഴിൽ ദിനങ്ങളുടെ ആവശ്യകതയും പ്രവൃത്തികളുടെ പട്ടികയും(ഷെൽഫ് ഓഫ് പ്രൊജക്ട്സ്) ഉൾപ്പെടുന്ന ലേബർ ബജറ്റ് അടിയന്തരമായി തയാറാക്കാനാണ് നിർദേശം. ഈ മാസം 20ന് മുമ്പ് ബ്ലോക്ക്തല വാർഷിക പദ്ധതി ജില്ല പ്രോഗ്രാം കോഓഡിനേറ്റർക്ക് സമർപ്പിക്കണം.