• Sat. Jul 27th, 2024
Top Tags

മുക്കുപണ്ടം പണയം വെച്ചു പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.

Bydesk

Dec 14, 2021

കണ്ണൂര്‍: കേരളബാങ്കിന്റെ കണ്ണൂര്‍ വനിതാബാങ്ക് ശാഖയില്‍ 12 പവന്‍ മുക്കുപണ്ടം പണയംവെച്ചു ഏകദേശം മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നാറാത്ത് കണ്ണാടിപറമ്പിലെ കോട്ടത്ത് വളപ്പിലെ എന്‍.വി മന്‍സൂര്‍ ഇബ്രാഹിമിനെയാ(53)ണ് കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകുന്നേരം വനിതാബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയം വയക്കാനായി മന്‍സൂര്‍ എത്തുകയായിരുന്നു. എന്നാല്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം അപ്രൈസര്‍ നടത്തിയ പരിശോധനയില്‍ വ്യാജമാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് സെക്രട്ടറി ഉടന്‍ ടൗണ്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി എസ്. ഐ അഖില്‍ അജയന്‍ എ. എസ്. ഐ, സി.പി.ഒ നാസര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇതിനു മുന്‍പ് എറണാകുളം എച്ച്.ഡി. എഫ്. സി ബാങ്കില്‍ സ്വര്‍ണം പണയം വെച്ചതിന് കേസുണ്ടെന്നു പൊലിസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വളപട്ടണം, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍ എന്നിവടങ്ങളിലും വഞ്ചനാകേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.

മന്‍സൂറിന് മുക്കുപണ്ടം നിര്‍മിച്ചു നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും വന്‍ റാക്കറ്റ് ബാങ്കുകള്‍ കേന്ദ്രീകരിച്ചു മുക്കുപണ്ടം പണയം വെച്ചു പണം തട്ടുന്ന സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇയാളുടെ കൂട്ടാളികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രതിയെകണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *