പെരളശ്ശേരി : റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രസിഡണ്ട് എ.വി ഷീബയുടെയും സെക്രട്ടറി സജിതയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മാലിന്യം കൊണ്ടിട്ടയാളെ കുറിച്ച് വിവരം ലഭിച്ചയുടൻ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി.
സമ്പൂർണ ശുചിത്വ പഞ്ചായത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പെരളശ്ശേരി. ഈ ലക്ഷ്യം കൈവരിക്കാനായി ശുചിത്വ, മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അജൈവ മാലിന്യ ശേഖരണത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന പഞ്ചായത്തിലുണ്ട്. കണ്ണൂർ ജില്ലാ ഭരണ കൂടത്തിന്റെ പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായും വിവിധ ബോധവൽക്കരണ പരിപാടികളും നടന്നു വരുന്നുണ്ട്.
മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വാർഡ് മെമ്പർമാരെയോ ഹരിത കർമ്മ സേന അംഗങ്ങളെയോ വിവരമറിയിക്കണമെന്ന് പ്രസിഡണ്ട് പറഞ്ഞു. സീനിയർ ക്ലർക്ക് കെ. ശ്രീജിത്ത്, ഡ്രൈവർ അശോകൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
പഞ്ചായത്തിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇകെ സോമശേഖരൻ പറഞ്ഞു.