കണ്ണൂർ : വിലക്കയറ്റം മൂലം സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിതരണം പ്രതിസന്ധിയില്‍. അവശ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും വീടുകളില്‍ നിന്നു സംഭാവനയായി സ്വീകരിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുന്നതായി റിപോര്‍ട്ടുകള്‍. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വലിയ വിലക്കയറ്റമുണ്ടായതോടെ വില കൊടുത്തു വാങ്ങാനുള്ള വകുപ്പില്ലാതായെന്നാണ് അധ്യാപകര്‍ പറയുന്നത്. വിലക്കയറ്റം ഏതാണ്ട് 20 -25 ശതമാനം വരെയായി വര്‍ധിച്ചതിനാല്‍ ഫണ്ട് അധികം ലഭിച്ചില്ലെങ്കില്‍ ഭക്ഷണ പരിപാടി അവതാളത്തിലാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ട് കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംഭാവനകള്‍ വാങ്ങിയും പിടിഎ വഴിയും ഫണ്ടുകള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരു കുട്ടിക്ക് പ്രതിദിനം എട്ടുരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഒന്നു മുതല്‍ 150 വരെ കുട്ടികള്‍ ഉള്ള സ്ഥലത്താണ് ഈ തുക. 151 മുതല്‍ 500 വരെ കുട്ടികള്‍ ഉള്ളയിടത്ത് തുക ആറു രൂപയാണ്. ഇതു വളരെ കുറവാണ്. നിലവില്‍ അധ്യാപകര്‍ ശമ്പളത്തില്‍ നിന്നും സംഭാവനകള്‍ വഴിയുമാണ് ഭക്ഷണമൊരുക്കുന്നത്. പലയിടത്തും സ്‌കൂള്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉച്ചഭക്ഷണം അനിവാര്യമാണ്. സ്‌കൂള്‍ ബസുകളുടെ പകുതി ഫീസും പലയിടത്തും ഇതേ വഴിയിലാണ് സ്വീകരിക്കുന്നത്. സംഭാവനകള്‍ എന്ന പേരില്‍ അധ്യാപകര്‍ വീടുകള്‍ തോറും കയറിയിറങ്ങുകയാണ്. സ്‌കൂളുകളില്‍ ഇപ്പോള്‍ മുഴുവന്‍ കുട്ടികളും എത്തി തുടങ്ങിയിട്ടില്ല. എല്ലാവരും വന്നു തുടങ്ങിയാല്‍ സാമ്പത്തിക ചെലവ് വര്‍ധിക്കും. തൃശൂര്‍ ജില്ലയില്‍ 954 സ്‌കൂളുകളിലായി 2,41,953 കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ഇപ്പോള്‍ ഏകദേശം 60 ശതമാനം കുട്ടികള്‍ മാത്രമാണ് എത്തുന്നത്. എല്ലാവരും വന്നു തുടങ്ങിയാല്‍ പ്രതിസന്ധി കൂടും.