• Sat. Jul 27th, 2024
Top Tags

പാലത്തിൽ കേറണേൽ ഏണി വേണം.

Bydesk

Dec 23, 2021

ചെറുപുഴ : പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള വാഹനയാത്ര ദുരിതമായി മാറി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണു തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തു പാലം നിർമിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചത്. അന്ന് മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയാണ് തുക അനുവദിച്ചത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോഷി ജോസ് മുൻകൈയെടുത്താണു കോളനിയിലേക്ക് പാലം പണിയാനുള്ള അനുമതി നേടിയെടുത്തത്.  2014 മേയ് 31ന് കോളനിയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു മന്ത്രി പാലം പണിയാൻ പണം അനുവദിച്ചു പ്രഖ്യാപനം നടത്തിയത്.

മഴക്കാലമായാൽ കോളനി നിവാസികൾക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം പുഴയ്ക്കു കുറുകെ നിർമിച്ച മുളപാലം മാത്രമായിരുന്നു. എന്നാൽ ഓരോ മഴക്കാലം കഴിയുമ്പോഴേക്കും വൻതുക ചെലവഴിച്ചു നിർമിക്കുന്ന മുളപാലം തകർന്ന നിലയിലായിരിക്കും. ഇതിനു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണു കോളനി നിവാസികൾ തങ്ങളുടെ ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഇവരുടെ ദുരിതയാത്ര കേട്ടറിഞ്ഞ മന്ത്രി പാലം പണിയാൻ തുക അനുവദിക്കുകയായിരുന്നു. എന്നാൽ പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ തുക വർധിച്ചു.

ഒന്നര കോടി രൂപ കൊണ്ടു പാലം പണിയാൻ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെ നിർമാണം നിലച്ചു. പിന്നീട് ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാലംപണി നീണ്ടു പോയി. ഏറ്റവും ഒടുവിൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയാണ് പാലം പണി പുനരാരംഭിച്ചത്. പുഴയുടെ ഇരുവശത്തുമായി 2 തൂണുകളുടെ നിർമാണം പൂർത്തിയായപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. ഇതോടെ പാലം പണി താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് പാലം നിർമിക്കുന്ന സ്ഥലത്തെ ചൊല്ലി തർക്കമായി. ഇതെല്ലാം പരിഹരിച്ചു പാലം പണി പൂർത്തിയായപ്പോഴേക്കും വീണ്ടും മഴയെത്തി. ഇതോടെ വീണ്ടും നിർമാണം നിലച്ചു.

മഴ മാറിയ സാഹചര്യത്തിന്റെ പാലത്തിന്റെ  അപ്രോച്ച് റോഡ് കൂടി നിർമിച്ചാൽ വാഹന ഗതാഗതം സുഗമമാക്കാനാകും.  അപ്രോച്ച് റോഡില്ലാത്തതിനാൽ പാലത്തിന്റെ ഇരുവശങ്ങളിലും കമുകുകൾ കൂട്ടികെട്ടിയാണു കഴിഞ്ഞ മഴക്കാലത്ത് കോളനി നിവാസികൾ പുഴ കടന്നത്. അടുത്ത കാലവർഷത്തിനു മുൻപെങ്കിലും അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കണമെന്നാണു കോളനി നിവാസികളുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *