• Sat. Jul 27th, 2024
Top Tags

വേനലെത്തുംമുൻപേ വെള്ളമില്ലാതെ തടയണകൾ.

Bydesk

Dec 24, 2021

ചെറുപുഴ ∙ വേനൽ കനത്തിട്ടും തടയണയിൽ ജലം സംഭരിക്കാൻ നടപടിയില്ല. ഇതോടെ മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയേറി. കുറച്ചു ദിവസങ്ങളായി ഗ്രാമീണ മേഖലയിൽ കനത്ത ചൂടാണു അനുഭവപ്പെടുന്നത്. ഇതോടെ തിരുമേനി പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ടു തുടങ്ങി. പ്രളയക്കാലത്ത് കല്ലും മണ്ണും വന്നടിഞ്ഞതാണു പുഴയിൽ നീരൊഴുക്ക് കുറയാൻ ഇടയാക്കിയത്. ഇതോടെ സമീപത്തെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പും വൻതോതിൽ താഴ്ന്നു.

എന്നിട്ടും തടയണകളുടെ ഷട്ടർ ഇടാൻ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനു കാരണമായി. പ്രാപ്പൊയിൽ, കോക്കടവ്, മുതുവം, മുളപ്ര ഭാഗങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ചാണു തടയണകൾ നിർമിച്ചത്. എന്നാൽ ഇതുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നാണു നാട്ടുകാർ പറയുന്നത്. തടയണകളിൽ മരപ്പലക ഉപയോഗിച്ചാണു വെള്ളം തടയുന്നത്. എന്നാൽ പല സ്ഥലങ്ങളിലും ഇപ്പോൾ മരപ്പലകയില്ല. ചിലയിടങ്ങളിൽ നിന്നു മരപ്പലക കാണാതായപ്പോൾ, മറ്റിടങ്ങളിൽ ഇത് കാലപ്പഴക്കം മൂലം നശിച്ചു.

തടയണയിൽ മരപ്പലക ഇടാൻ നല്ലൊരു തുക തന്നെ വേണം. സാധാരണ ഇത് നാട്ടുകാരിൽ നിന്നു പിരിച്ചെടുക്കുകയാണു ചെയ്തിരുന്നത്. എന്നാൽ കോവിഡ് രോഗവ്യാപനത്തെ തുടർന്നു മലയോരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നാട്ടുകാരിൽ നിന്നു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. തടയണകളിൽ ഷട്ടർ ഇടാനുള്ള ചെലവ് ജലവിഭവവകുപ്പോ തദ്ദേശ സ്ഥാപനങ്ങളോ വഹിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *