അഴീക്കോട്∙ ഇനിയുള്ള 11 നാൾ കളിയും ചിരിയും ആരവങ്ങളുമായി ചാൽ തീരം ആഘോഷത്തിമിർപ്പിലാകും. ചാൽ ബീച്ചിൽ ജനകീയ കൂട്ടായ്മയിൽ ആരംഭിച്ച ബീച്ച് ഫെസ്റ്റിനു തുടക്കമായതോടെ തീരവും ചാൽ ഗ്രാമവും ഉത്സവ പ്രതീതിയിലായി. എല്ലാ ദിവസവും കലാ പരിപാടികൾക്കു പുറമെ അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർണറുകൾ, ഫ്ലവർഷോ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.സരള, സ്വാഗത സംഘം ചെയർമാൻ ഇ.ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്.സജീവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.ഗിരീഷ് കുമാർ, എസ്ഐമാരായ രാജേഷ് മാരാംഗലത്ത് (വളപട്ടണം), എസ്.അജയകുമാർ (കോസ്റ്റൽ), ഡിടിപിസി സെക്രട്ടറി കെ.കെ.ജിജേഷ് കുമാർ, പഞ്ചായത്ത് അംഗം പി.വി.ഹൈമ, ഡോ.എൻ.കെ.സൂരജ്, എ.സുഭാഷ്, എം.എൻ.രവീന്ദ്രൻ, ആർ.സനേഷ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമ പിന്നണി ഗായിക പ്രിയ ൈബജു നയിച്ച ഗാനമേള അരങ്ങേറി.
ഇന്ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നിലാവ്, നാളെ മെഗാഷോ, 26ന് നാട്ടുകേളി, 27ന് ഇശൽ മർഹബ, 28ന് അക്രോബാറ്റിക് ഫയർ ഡാൻസ്, 29ന് കണ്ണൂർ സീനത്ത് ഒരുക്കുന്ന മൈലാഞ്ചി രാവ്, 30ന് സിനിമ പിന്നണി ഗായകൻ സുരേഷ് പള്ളിപ്പാറ നയിക്കുന്ന നാടൻപാട്ട്, 31ന് അൾട്രാ സൗണ്ട് ആൻഡ് മാജിക്കൽ ലൈറ്റ് ഡാൻസ് നൈറ്റ്, ജനുവരി 1ന് അരുൺ കുമാർ കല്ലിങ്കൽ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 2ന് 6.30ന് നൃത്തനൃത്യങ്ങൾ, ഇശൽ സിൽസില, 3ന് സിനിമാ താരം രഞ്ചു ചാലക്കുടി നയിക്കുന്ന ഹൃദയപൂർവം മണിമുഴക്കം എന്നിവ നടക്കും.